ന്യൂഡല്‍ഹി: പാര്‍ലമെന്റ് അതിക്രമക്കേസില്‍ അറസ്റ്റിലായ പ്രതികളുമായി പോലീസ് ഇന്നു തെളിവെടുപ്പു നടത്തും. ഗൂഢാലോചന നടത്തിയ ഗുരുഗ്രാമിലെ വീട്ടില്‍ പ്രതികളെ എത്തിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞ ദിവസം പോലീസില്‍ കീഴടങ്ങിയ മുഖ്യപ്രതി ലളിത് ഝായുടെ ചോദ്യം ചെയ്യല്‍ ഇന്നു നടക്കുമെന്നും എംപിമാരുടെ മൊഴിയെടുക്കുമെന്നും പോലീസ് അറിയിച്ചു.
കര്‍ത്തവ്യപഥ് പോലീസ് സ്റ്റേഷനിലെത്തി ഝാ സ്വയം കീഴടങ്ങുകയായിരുന്നു. ഇയാൾ കീഴടങ്ങിയതോടെ കേസിലെ ആറുപേരും പിടിയിലായി. ലളിത് ഝായുടെ നിര്‍ദേശ പ്രകാരമാണ് പാര്‍ലമെന്റ് ആക്രമണത്തിന്റെ 22ാം വാര്‍ഷികദിനമായ ഡിസംബര്‍ 13ന് അക്രമം നടത്താന്‍ തീരുമാനിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
പാര്‍ലമെന്റിന് പുറത്തു പുകക്കുറ്റി (സ്മോക്ക് ക്യാൻ) തുറന്നു പ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത് ലളിത് ഝാ ആണ്. കോല്‍ക്കത്തയില്‍ താമസിക്കുന്ന ലളിത് ഝാ അധ്യാപകനാണ്.
അക്രമത്തിനു മുമ്പ് ലളിതും മറ്റുള്ളവരും വീട്ടില്‍ കൂടിക്കാഴ്ച നടത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് 1.02ന് ലോക്സഭയിലെ ശൂന്യവേളയ്ക്കിടെയാണ് അതിക്രമമുണ്ടായത്.
പാർലമെന്റിലുണ്ടായ സുരക്ഷാവീഴ്ച അതീവ ഗുരുതരമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംഭവത്തെ പ്രതിപക്ഷം രാഷ്ട്രീയവത്ക്കരിക്കുകയാണ്. പാർലമെന്റിന്റെ സുരക്ഷ സ്പീക്കറുടെ കീഴിലാണ്. സ്പീക്കറുടെ നിർദേശപ്രകാരം ആഭ്യന്തര മന്ത്രാലയം അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
സംഭവത്തില്‍ അമിത്ഷാ പ്രസ്താവന നടത്തണമെന്ന പ്രതിപക്ഷത്തിന്റെ വിമർശനം ശക്തിപ്പെടുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം വന്നത്. ഡൽഹിയിൽ ഒരു സ്വകാര്യ മാധ്യമം സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പ്രതികരണം.
പാർലമെന്റിൽ ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തേണ്ടതില്ലെന്നാണ് സ്പീക്കര്‍ ഇന്നലെ അറിയിച്ചത്. അതേസമയം, പാർലമെന്റ് അതിക്രമത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സുരക്ഷ കൂട്ടണം. രാഷ്ട്രീയ ഏറ്റുമുട്ടലിനുള്ള വിഷയമാക്കരുത് ഇതെന്നും മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ മോദി പറഞ്ഞു.