ന്യൂഡൽഹി: പാർലമെന്റ് അതിക്രമത്തിലൂടെ പ്രതികൾ ശ്രമിച്ചത് അരാജകത്വം സൃഷ്ടിക്കാനെന്നു ഡൽഹി പോലീസ്.
കഴിഞ്ഞവർഷം ജൂലൈയിൽ സംഘം മൈസൂരുവിൽ ഒത്തുകൂടിയിരുന്നുവെന്നും കൂടുതൽ പേരെ ഉൾപ്പെടുത്തി പ്രതിഷേധം നടത്താൻ ശ്രമിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
പ്രതികളിലൊരാളായ അമോൾ ഷിൻഡേ മുംബൈയിൽനിന്നാണ് 1200 രൂപ നൽകി സ്മോക്ക് ഗൺ വാങ്ങിയത്. ഇത് ഷൂവിൽ അറയുണ്ടാക്കി ഒളിപ്പിച്ചാൽ കണ്ടെത്തില്ലെന്ന പദ്ധതി മറ്റൊരു പ്രതി മനോരഞ്ജന്റേതായിരുന്നു.
നിലവിൽ കസ്റ്റഡിയിലുള്ള മഹേഷിനും ഗൂഢാലോചനയിൽ വ്യക്തമായ പങ്കുണ്ട്. മഹേഷ് പ്രതിയായ നീലവുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നു.
അതിക്രമത്തിനുശേഷം പ്രതി ലളിത് ഫോണുകൾ ഉപേക്ഷിച്ചത് ഹരിയാന-രാജസ്ഥാൻ അതിർത്തിയിലാണെന്നാണ് സംശയം. ഡൽഹിയിലെ ഒരു ഹോട്ടലിൽ പ്രതികൾ താമസിച്ചുവെന്നും കണ്ടെത്തി.
പാർലമെന്റിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തുന്നതിനുള്ള അനുമതിക്കായി ലോക്സഭാ അധികൃതരെ സമീപിക്കുമെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.