ന്യൂഡൽഹി: പാർലമെന്റ് പുകയാക്രമണത്തിൽ അറസ്റ്റിലായ പ്രതികളെ നുണ പരിശോധനയ്ക്കു വിധേയമാക്കും. കേസിൽ അറസ്റ്റിലായ ആറു പ്രതികളിൽ അഞ്ചുപേർ നുണപരിശോധന നടത്താൻ സമ്മതമാണെന്നു കോടതിയെ അറിയിച്ചു.
പ്രതി ആസാദ് മാത്രമാണു നുണ പരിശോധനയ്ക്കു വിസമ്മതിച്ചത്. അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ഹർദീപ് കൗറിന്റെ മുന്നിലാണു പ്രതികളെ ഹാജരാക്കിയത്. ആറു പ്രതികളുടെ കസ്റ്റഡി കാലാവധിയും എട്ടു ദിവസത്തേക്കു കോടതി നീട്ടിനൽകി.
ഡിസംബർ 13നാണു കേസിനാസ്പദമായ സംഭവമുണ്ടായത്. സാഗർ ശർമ, ഡി. മനോരഞ്ജൻ എന്നിവർ ഗാലറിയിൽനിന്നു ശൂന്യവേളയിൽ ലോക്സഭ ചേംബറിലേക്കു ചാടി മഞ്ഞനിറത്തിലെ പുക പടർത്തി മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചിരുന്നു. തുടർന്ന് പാർലമെന്റിനു പുറത്ത് ഇതേ രീതിയിൽ പ്രതിഷേധിച്ചതിന് നീലം ആസാദ്, അമോൽ ഷിൻഡെ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.