ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥികളുടെ ആദ്യ പട്ടിക ഇന്നു പ്രഖ്യാപിക്കും. കേരളത്തിലെ അടക്കം 160 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണു സൂചന.
ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്നലെ രാത്രി ഡൽഹിയിൽ ചേർന്നിരുന്നു. പുലർച്ചെ വരെ നീണ്ട യോഗത്തിൽ നരേന്ദ്രമോദി, അമിത് ഷാ, രാജ്നാഥ് സിംഗ്, പാർട്ടി അധ്യക്ഷൻ ജെ.പി. നദ്ദ എന്നിവർ പങ്കെടുത്തു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും, സംഘടനാ ചുമതലയുള്ളവരും യോഗത്തിന് മുമ്പായി ബിജെപി ആസ്ഥാനത്തെത്തി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തി. കെ സുരേന്ദ്രൻ, രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ എന്നിവരും കേന്ദ്ര നേതാക്കളെ കണ്ടു.
തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ പേരിനാണ് മുൻതൂക്കമെന്നാണ് അറിയുന്നത്. ആറ്റിങ്ങലിൽ വി. മുരളീധരൻ സ്ഥാനാർഥിയാകും.
ബിജെപി നേതാക്കളായ ശോഭാ സുരേന്ദ്രൻ, സന്ദീപ് വാചസ്പതി, സുരേഷ് ഗോപി , അനിൽ ആന്റണി, പി.സി. ജോർജ്, എ.പി. അബ്ദുള്ളക്കുട്ടി എന്നിവരും സ്ഥാനാർഥി പട്ടികയിലുണ്ടെന്നാണ് അറിയുന്നത്.