തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച ഇടതുമുന്നണിയുടെ സീറ്റ് വിഭജന ചർച്ചകൾ ഇന്ന് പൂർത്തിയാകും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും സിപിഐ സംസ്ഥാന കൗൺസിൽ യോഗവും ഇന്ന് ആരംഭിക്കും.
യോഗത്തിൽ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ നടക്കും. ഇന്ന് വൈകിട്ട് ചേരുന്ന ഇടതുമുന്നണി യോഗം സീറ്റുകളുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും.
സിപിഎം 15 സീറ്റിലും സിപിഐ 4 സീറ്റിലും കേരള കോൺഗ്രസ് (എം) ഒരു സീറ്റിലും മത്സരിക്കുമെന്നാണ് സൂചന. കേരള കോൺഗ്രസ് കൂടി മുന്നണിയുടെ ഭാഗമായതോടെ സിപിഎം മത്സരിക്കുന്ന കോട്ടയം സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകുമെന്നാണ് അറിയുന്നത്.
സ്ഥാനാർത്ഥികളെ സംബന്ധിച്ച ജില്ലാ കമ്മിറ്റികളുടെ അഭിപ്രായം തേടിയതിനുശേഷമാകും സ്ഥാനാർഥി നിർണയത്തിലേക്ക് കടക്കുക.
ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും നാളെ സംസ്ഥാന കമ്മിറ്റി യോഗവുമാണ് നടക്കുക.
തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, വയനാട് സീറ്റുകളിലാണ് സിപിഐ മത്സരിക്കുന്നത്. തൃശൂരിൽ വി.എസ്.സുനിൽ കുമാറിനും മാവേലിക്കരയിൽ എവൈഎസ്എഫ് നേതാവ് സി.എ അരുൺ കുമാറിനുമാണ് സാധ്യത. സിപിഐയുടെ സംസ്ഥാന കൗൺസിൽ യോഗത്തിൽ സ്ഥാനാർത്ഥികളെ സംബന്ധിച്ച് ചർച്ചകൾ ഉണ്ടാകും.