ജിബിൻ കുര്യൻ
കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി പാർട്ടി അണികളെ ഉണർത്തുന്നതിനായി സിപിഎമ്മിന്റെ സംസ്ഥാന ജാഥ. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് ഈമാസം 20ന് കാസർഗോഡ് തുടക്കമാകും.
മാർച്ച് 18ന് തിരുവനന്തപുരത്താണ് ജാഥ സമാപിക്കുക. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും വർഗീതയ്ക്കുമെതിരെയുള്ള ജാഥയിൽ സംസ്ഥാന സർക്കാരിന്റെ വികസന, ക്ഷേമ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യവുമുണ്ട്.
സിപിഎം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരി 20ന് വൈകുന്നേരം അഞ്ചിന് കാസർഗോഡ് കുന്പളയിൽ ജാഥ ഉദ്ഘാടനം ചെയ്യും.
മാർച്ച് 18ന് ശംഖുമുഖം കടപ്പുറത്ത് ചേരുന്ന മഹാറാലിയും സമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും. രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയ്ക്കും ബിജെപിയുടെ മണ്ഡലം പദയാത്രകൾക്കും ബദലായി ജാഥ മാറ്റാനാണ് സിപിഎം തീരുമാനം.
140 നിയോജക മണ്ഡലത്തിലും ജാഥയ്ക്കു സ്വീകരണമുണ്ടാകും. ചില നിയോജക മണ്ഡലങ്ങൾ സംയുക്തമായി സ്വീകരണമൊരുക്കും.
ഓരോ സ്വീകരണ കേന്ദ്രങ്ങളിലും പതിനായിരം പേരെ പങ്കെടുപ്പിക്കണമെന്നാണ് ജില്ലാ കമ്മറ്റികൾക്ക് നൽകിയിരിക്കുന്ന നിർദേശം. സ്ത്രീ, യുവജന പ്രാതിനിധ്യം ഉറപ്പാക്കണമെന്നും പറയുന്നു. ജാഥാ ജില്ലാ കേന്ദ്രങ്ങളിലെത്തുന്പോൾ ജാഥാ ക്യാപ്റ്റനും അംഗങ്ങളും ജില്ലയിലെ പൗരപ്രമുഖരും സാംസ്കാരിക, സാമൂഹ്യ രംഗത്തെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും.
ഓരോ കേന്ദ്രങ്ങളിലെയും സ്വീകരണം സിപിഎം ഫേസ് ബുക്കിൽ ലൈവായിരിക്കും. ജാഥയിൽ പങ്കെടുക്കുന്നവർ പാർട്ടി പതാക കരുതണമെന്നും വർഗ സംഘടനകളുടെ പതാക ഉപയോഗിക്കരുതെന്നും പാർട്ടി സർക്കുലറിൽ പറയുന്നുണ്ട്.
ജാഥയെ സ്വീകരിക്കാനുള്ള സംഘാടക സമിതി രൂപീകരണം താഴെ തട്ടിൽ നടന്നുവരകുയാണ്. ബ്രാഞ്ച് തലത്തിൽ കുടുംബയോഗം ഉൾപ്പെടെയുളള പ്രചാരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
പി.കെ. ബിജു ജാഥാ മാനേജർ
എം.വി. ഗോവിന്ദൻ ക്യാപറ്റനായ ജാഥയുടെ മാനേജർ സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. കെ. ബിജുവാണ്. സെക്രട്ടേറിയറ്റം എം. സ്വരാജ്, കേന്ദ്ര കമ്മറ്റിയംഗം സി.എസ്. സുജാത, ഡിവൈഎഫ്ഐ കേന്ദ്ര കമ്മറ്റിയംഗം ജയ്ക് സി. തോമസ്, മുൻ മന്ത്രി കെ.ടി. ജലീൽ എംഎൽഎ എന്നിവരാണ് ജാഥാംഗങ്ങൾ.
പിണറായി വിജയൻ നയിച്ച് രണ്ടു ജാഥയിൽ ജലീൽ അംഗമായിരുന്നു. ഒരു സ്വീകരണ കേന്ദ്രത്തിൽ ജാഥാ ക്യാപ്റ്റനു പുറമേ രണ്ട് അംഗങ്ങൾ പ്രസംഗിക്കും. ഒരു ദിവസം അഞ്ച് സ്വീകരണ കേന്ദ്രമാണുള്ളത്.
ജാഥയുടെ ഉദ്ദേശ ലക്ഷ്യങ്ങളും മറ്റും വിവരിച്ചുള്ള ശീതീകരിച്ച വാഹനമാണ് ജാഥാ ക്യാപ്റ്റന് യാത്ര ചെയ്യുവാൻ തയാറാകുന്നത്. തുറന്ന വാഹനം ഉണ്ടായിരിക്കില്ല. എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും ജാഥയ്ക്ക് ഗാർഡ് ഓഫ് ഓണർ ഉണ്ടായിരിക്കും.
കോട്ടയത്ത് മാർച്ച് 10നും 11നും
ഇടുക്കി ജില്ലയിലെ സ്വീകരണങ്ങൾക്കു ശേഷം മാർച്ച് 10ന് ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലാ അതിർത്തിയായ മുണ്ടക്കയം കല്ലേപ്പാലം ജംഗ്ഷനിൽ ജാഥയ്ക്ക് സ്വീകരണം നൽകും.
തുടർന്ന് പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ മുണ്ടക്കയത്ത് സ്വീകരണം. തുടർന്ന് ചങ്ങനാശേരിയിലും നാലിനും കോട്ടയത്ത് അഞ്ചിനും സ്വീകരണം. രണ്ടാം ദിനം രാവിലെ പുതുപ്പള്ളി മണ്ഡലത്തിലെ പാന്പാടിയിലാണ് ആദ്യ സ്വീകരണം.
തുടർന്ന് 11ന് പാലായിലും ഉച്ചകഴിഞ്ഞ് മൂന്നിന് കുറവിലങ്ങാട്ടും സ്വീകരണം നൽകും. വൈകുന്നേരം നാലിന് ഏറ്റുമാനൂരിലെ സ്വീകരണത്തിനു ശേഷം അഞ്ചിന് വൈക്കം മണ്ഡലത്തിലെ തലയോലപ്പറന്പിലെ സ്വീകരണത്തോടെ ജില്ലയിലെ പര്യടനം പൂർത്തിയാക്കി ജാഥ ആലപ്പുഴയിലേക്ക് പ്രവേശിക്കും.
സംസ്ഥാന സെക്രട്ടേറിയറ്റംഗം കൂടിയായ മന്ത്രി വി.എൻ. വാസവൻ, സെക്രട്ടേറിയറ്റംഗം കെ.കെ. ജയചന്ദ്രൻ എന്നിവർക്കാണ് ജില്ലയിലെ സ്വീകരണങ്ങളുടെ ചുമതല.
പിണറായിക്കുശേഷം ഗോവിന്ദൻ
പിണറായി വിജയനുശേഷം പിന്നീട് ഇപ്പോഴാണ് ഒരു സിപിഎം സംസ്ഥാന സെക്രട്ടറി ജാഥ നയിക്കുന്നത്. പിണറായി സെക്രട്ടറിയായിരുന്ന സമയത്ത് മൂന്നു സംസ്ഥാനതല ജാഥകൾ നടത്തിയിരുന്നു. നവകേരള മാർച്ചായിരുന്നു ആദ്യ ജാഥ.
തുടർന്ന് കേരള മാർച്ചും വികസന മുന്നേറ്റ ജാഥയും നടത്തി. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പിണറായിയുടെ വരവിന് ജാഥകൾ സഹായകരമായി. കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾ അദ്ദേഹം എൽഡിഎഫിന്റെ ജനകീയയാത്രയുടെ ക്യാപ്റ്റനായിരുന്നു.