കോട്ടയം: എടാ പാപ്പീ, അപ്പീ, മാത്താ, പോത്താ, ഇറങ്ങി വാടാ വോട്ട് ചെയ്യാം… വിളിക്കുന്നത് കുഞ്ഞച്ചനാണ്, സാക്ഷാല്‍ കോട്ടയം കുഞ്ഞച്ചന്. ഈ തെരഞ്ഞെടുപ്പുകാലത്ത് എല്ലാവരും വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് കോട്ടയം കുഞ്ഞച്ചന് വരും, വോട്ടര്‍ കുഞ്ഞച്ചനായി.ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുള്ള സിസ്റ്റമാറ്റിക് വോട്ടര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് ഇലക്ട്രറല്‍ പാര്‍ട്ടിസിപ്പേഷന്റെ(സ്വീപ്) ബോധവല്‍ക്കരണ പരിപാടിയുടെ ജില്ലയുടെ ഭാഗ്യചിഹ്നമാണ് കോട്ടയം വോട്ടര്‍ കുഞ്ഞച്ചന് എന്ന കഥാപാത്രം.
കുമരകത്തെ ബാക്ക് വാട്ടര്‍ റിപ്പിള്‍സിലെ കായലോരത്ത് ഹൗസ് ബോട്ടില്‍ വന്നിറങ്ങിയ വോട്ടര്‍ കുഞ്ഞച്ചന്റെ മാസ് എന്‍ട്രിയും വേറിട്ടതായി.മലയാളസിനിമയിലെ സൂപ്പര്‍താരം മമ്മൂട്ടിയുടെ ഐക്കണിക് കഥാപാത്രങ്ങളിലൊന്നായ കോട്ടയം കുഞ്ഞച്ചനെപ്പോലെ തലയില്‍ തോര്‍ത്തും ചുറ്റി കൂളിംഗ് ഗ്ലാസും വച്ച് വിദ്യാര്‍ഥികള്‍ വോട്ടര്‍ കുഞ്ഞച്ചനെ നൃത്തച്ചുവടുകളോടെ വരവേറ്റു. അവര്‍ക്കൊപ്പം ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരിയും ചുവടുവച്ചപ്പോള്‍ വോട്ടര്‍ കുഞ്ഞച്ചന്റെ വരവ് കളറായി.
വോട്ടര്‍ കുഞ്ഞച്ചന്റെ ബോധവത്കരണ മാസ്കോട്ട് ജില്ലാ കളക്ടര്‍ അനാച്ഛാദനം ചെയ്തു. കോട്ടയം ബസേലിയസ് കോളജിലെ വിദ്യാര്‍ഥികള്‍ മമ്മൂട്ടി സിനിമയിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ നൃത്തച്ചുവടുകളൊരുക്കി.
പോളിംഗ് ശതമാനം ഉയര്‍ത്തുന്നതിന്റെ ഭാഗമായി നിരവധി പരിപാടികള്‍ ജില്ലാ ഭരണകൂടവും സ്വീപും നടത്തുന്നുണ്ടെന്നും കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനായാണ് കോട്ടയം വോട്ടര്‍ കുഞ്ഞച്ചനെന്ന വ്യത്യസ്തമായ ആശയം നടപ്പാക്കിയതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ആരായിരിക്കും കോട്ടയത്തിന്റെ വോട്ട് കഥാപാത്രം എന്ന ചര്‍ച്ച കഴിഞ്ഞദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു.
സബ് കളക്ടര്‍ ഡി. രഞ്ജിത്ത്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ്, സ്വീപ് നോഡല്‍ ഓഫീസറും പുഞ്ച സ്പെഷല്‍ ഓഫീസറുമായ എം. അമല്‍ മഹേശ്വര്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍കുമാര്‍, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ പി.എ. അമാനത്ത്, ഇലക്ട്രറല്‍ ലിറ്ററസി ക്ലബ് കോഡിനേറ്റര്‍ വിപിന്‍ വര്‍ഗീസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.