കൊച്ചി: 18-ാം ലോക്സഭയിലേക്ക് ഇത്തവണ കേരളത്തില്നിന്ന് വനിതാ പ്രാതിനിധ്യം ഇല്ല. 20 മണ്ഡലങ്ങളില്നിന്നും വിജയിച്ചത് പുരുഷന്മാര് മാത്രമാണ്. ലോക്സഭാ തെരഞ്ഞെടുപ്പില് കേരളത്തില്നിന്ന് 11 വനിതാ സ്ഥാനാര്ഥികളാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്.
കെ.കെ. ശൈലജ (വടകര-സിപിഎം), കെ.ജെ. ഷൈന് (എറണാകുളം- സിപിഎം); ആനി രാജ (വയനാട്- സിപിഐ), രമ്യ ഹരിദാസ് (ആലത്തൂര്- കോണ്ഗ്രസ്); ശോഭാ സുരേന്ദ്രന് (ആലപ്പുഴ- ബിജെപി), നിവേദിതാ സുബ്രഹ്മണ്യന് (പൊന്നാനി- ബിജെപി), ടി.എന്. സരസു (ആലത്തൂര്- ബിജെപി), എം.എല്. അശ്വിനി (കാസര്കോട്- ബിജെപി), സംഗീത വിശ്വനാഥന് (ഇടുക്കി- ബിഡിജെഎസ്). 20 നിയോജകമണ്ഡലങ്ങളിലുമായി മൂന്നു മുന്നണികള് മത്സരിപ്പിച്ച ഒമ്പതു സ്ഥാനാര്ഥികള്ക്കു പുറമേ തിരുവനന്തപുരത്തെ എസ്യുസിഐ സ്ഥാനാര്ഥി എസ്. മിനി, കൊല്ലത്തെ എസ്യുസിഐ സ്ഥാനാര്ഥി ട്വിങ്കിള് പ്രഭാകരന് എന്നിവരാണ് മറ്റു രണ്ടുപേര്.
എന്നാല് ഇന്നലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള് ഒരു വനിതയ്ക്കുപോലും വിജയിക്കാനായില്ല. കഴിഞ്ഞ തവണ വിജയിച്ച ഏക വനിതാ പ്രതിനിധി രമ്യ ഹരിദാസ് ഇത്തവണ 20,111 വോട്ടിന് ആലത്തൂരില് കെ. രാധാകൃഷ്ണനോട് പരാജയപ്പെട്ടു. വടകരയില് വന് പ്രതീക്ഷ ഉയര്ത്തിയ മുന്മന്ത്രി കെ.കെ. ശൈലജ 1,14,506 വോട്ടിനാണ് കോൺഗ്രസിന്റെ ഷാഫി പറമ്പിലിനോട് തോറ്റത്.
എറണാകുളത്തെ എല്ഡിഎഫ് സ്ഥാനാര്ഥി കെ.ജെ. ഷൈന് മണ്ഡലത്തിലെ ഏറ്റവും വലിയ വോട്ട് വ്യത്യാസത്തിലാണ് യുഡിഎഫിലെ ഹൈബി ഈഡനോട് പരാജയപ്പെട്ടത്. 2,50,385 വോട്ടിന്റെ ലീഡാണ് ഹൈബിക്ക് ഉണ്ടായത്. ഇതുവരെ ഒരു തെരഞ്ഞെടുപ്പില്പ്പോലും മത്സരിക്കാത്ത സിപിഐയുടെ മുതിര്ന്ന ദേശീയ നേതാവ് ആനി രാജ രാഹുല്ഗാന്ധിക്കെതിരേ വയനാട്ടില് മത്സരിച്ചെങ്കിലും 3, 64,422 വോട്ടിന് രാഹുലിനോട് പരാജയപ്പെട്ടു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില് മത്സരിച്ചെങ്കിലും വിജയിക്കാതിരുന്ന ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രനെ ഇത്തവണയും വിജയം തുണച്ചില്ല. ആലപ്പുഴയില് കെ.സി. വേണുഗോപാലിനെതിരേ മത്സരരംഗത്ത് ഉണ്ടായെങ്കിലും കഴിഞ്ഞ തവണത്തെക്കാള് ബിജെപിക്ക് ഒരു ലക്ഷം വോട്ട് കൂടുതല് നേടാനായി എന്നതുമാത്രമാണ് ഉണ്ടായത്.
ആലത്തൂരില് കന്നിയംഗത്തിന് ഇറങ്ങിയ മുന് കോളജ് അധ്യാപിക ഡോ. ടി.എന്. സരസു മണ്ഡലത്തില് ഇതുവരെ എന്ഡിഎ സ്ഥാനാര്ഥികള് നേടിയതിൽ വച്ച് ഏറ്റവും കൂടുതൽ വോട്ട് നേടി. പ്രധാനമന്ത്രി മോദി വിളിച്ചു സംസാരിച്ചതിലൂടെ ശ്രദ്ധ ആകര്ഷിച്ച സരസു രാഷ്ട്രീയത്തില് പുതുമുഖം ആണെങ്കിലും വോട്ടിന്റെ കാര്യത്തില് മികച്ച നേട്ടമാണ് ഉണ്ടായത്. ഇവിടെ വിജയിച്ച എല്ഡിഎഫിലെ കെ.രാധാകൃഷ്ണന്റെ ഭൂരിപക്ഷം 20,111 ആണ്.
കാസര്ഗോഡ് നിന്ന് മത്സരിച്ച ബിജെപി സ്ഥാനാര്ഥി എം.എല്. അശ്വിനി 2,69,132 വോട്ടിന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പൊന്നാനിയിലെ ബിജെപി സ്ഥാനാര്ഥി നിവേദിത സുബ്രഹ്മണ്യന് കഴിഞ്ഞ തവണത്തേക്കാള് പതിനായിരം വോട്ട് കൂടുതല് നേടി എന്നതും ശ്രദ്ധേയമാണ്. ഇടുക്കിയില് മത്സരിച്ച സംഗീത വിശ്വനാഥന് മാത്രമാണ് ഒരു ലക്ഷത്തില് താഴെ വോട്ട് പിടിച്ച വനിതാ സ്ഥാനാര്ഥി.
നിയമനിര്മാണസഭകളില് 33 ശതമാനം പ്രാതിനിധ്യം ഉറപ്പാക്കുന്ന വനിതാ സംവരണ ബില് നിയമമായ ശേഷം ആദ്യം നടക്കുന്ന തെരഞ്ഞെടുപ്പാണെങ്കിലും സംവരണം നടപ്പാക്കാത്ത തെരഞ്ഞെടുപ്പാണ്. സെന്സസും മണ്ഡല പുനര്നിര്ണയവും കഴിഞ്ഞ് അടുത്ത തെരഞ്ഞെടുപ്പില് നടപ്പാക്കും എന്നാണ് കേന്ദ്ര ഭരണകക്ഷി പറയുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും പുതിയ കണക്കുകള് പ്രകാരം, സംസ്ഥാനത്ത് 1.34 കോടി പുരുഷ വോട്ടര്മാരും 1.43 കോടി സ്ത്രീ വോട്ടര്മാരുമാണുള്ളത്. വോട്ടര് പട്ടികയിലെ സ്ത്രീകളുടെ എണ്ണം കൂടുതലാണെങ്കിലും സ്ഥാനാര്ഥി പട്ടികയിലേക്കെത്തുമ്പോള് വനിതാ പ്രാതിനിധ്യം കുറയുന്ന അവസ്ഥയാണുള്ളത്.
1952 മുതല് 2019 വരെയുള്ള 67 വര്ഷത്തിനിടെ കേരളത്തില് നിന്നുണ്ടായത് ഒന്പത് വനിതാ എംപിമാര് മാത്രമാണ്. ആനി മസ്ക്രീന് (തിരുവനന്തപുരം), സുശീല ഗോപാലന് (അമ്പലപ്പുഴ, ആലപ്പുഴ, ചിറയിന്കീഴ്), ഭാര്ഗവി തങ്കപ്പന് (അടൂര്), സാവിത്രി ലക്ഷ്മണന് (മുകുന്ദപുരം), എ കെ പ്രേമജം (വടകര), അഡ്വ പി. സതീദേവി (വടകര), സി.എസ്. സുജാത (മാവേലിക്കര), പി.കെ. ശ്രീമതി (കണ്ണൂര്), രമ്യ ഹരിദാസ് (ആലത്തൂര്) എന്നിവരാണ് അവര്. സുശീല ഗോപാലന് മൂന്നു തവണയും സാവിത്രി ലക്ഷ്മണനും എ.കെ. പ്രേമജവും രണ്ടു തവണയും തെരഞ്ഞെടുക്കപ്പെട്ടു.
സീമ മോഹന്ലാല്