മാന്നാർ: പാർലമെന്റ് മണ്ഡലങ്ങളുടെ പുനഃക്രമീകരണത്തിന് ശേഷം നടക്കുന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പിന് രാജ്യം ഒരുങ്ങുന്പോൾ മാവേലിക്കര മണ്ഡലത്തിലേക്ക് എൽഡിഎഫ് സ്ഥാനാർഥികളെ തേടുകയാണ്. വിജയ സാധ്യതയുള്ള സ്ഥാനാർഥിയെ മത്സരിപ്പിക്കുവാൻ വേണ്ടിയുള്ള പരിശ്രമങ്ങൾ ആരംഭിച്ചിട്ട് മാസങ്ങൾ പിന്നിട്ടുവെങ്കിലും അനുയോജ്യമായ സ്ഥാനാർഥിയെ കണ്ടെത്തുവാൻ ഇനിയും കഴിഞ്ഞിട്ടില്ല.
എൽഡിഎഫിൽ സിപിഐ മത്സരിക്കുന്ന സീറ്റാണ് മാവേലിക്കര. മൂന്ന് ജില്ലകളിലായി പരന്ന് കിടക്കുന്ന മണ്ഡലമെന്ന തലത്തിൽ എല്ലായിടങ്ങളിലും ഒരു പോലെ സാധ്യതയുള്ള സ്ഥാനാർഥി വേണമെന്നതിനാലാണ് പുതിയ സ്ഥാനാർഥിയെ എൽഡിഎഫ് തേടുന്നത്.ചങ്ങനാശേരി, കുട്ടനാട്,മാവേലിക്കര, ചെങ്ങന്നൂർ, കുന്നത്തൂർ, കൊട്ടാരക്കര, പത്തനാപുരം എന്നീ അസംബ്ലി മണ്ഡലങ്ങൾ ചേരുന്ന മാവേലിക്കര പാർലമെന്റ് മണ്ഡലത്തിൽ പൊതുസമ്മതനായ സ്ഥാനാർഥിയെ പരിഗണിച്ചാൽ വിജയിക്കുവാൻ കഴിയുമെന്നാണ് എൽഡിഎഫിലെ വിലയിരുത്തൽ.
കഴിഞ്ഞ രണ്ട് തവണ മത്സരിച്ച് സിപിഐ നേതാക്കൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ഒരു പുതുമുഖ സ്ഥാനാർഥിയെ മത്സരിപ്പിക്കണമെന്ന് ആവശ്യം സിപിഐയിൽ ഉയർന്നിരിക്കുന്നത്. 2009 ൽ ആർഎസ് അനിലും, 2014 ൽ ചെങ്ങറ സുരേന്ദ്രനുമാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചത്. രണ്ട് തവണയും വിജയം കാണുവാൻ എൽഡിഎഫ് സ്ഥാനാർഥിക്കായില്ല. ഈ രണ്ട് തെരഞ്ഞെടുപ്പിലും വിജയം കണ്ടത് കൊടിക്കുന്നിൽ സുരേഷ് ആയിരുന്നു.
നിലവിൽ ചങ്ങനാശേരി അസംബ്ലി മണ്ഡലം ഒഴികെയുള്ള ആറ് മണ്ഡലങ്ങളിലും എൽഡിഎഫിന്റെ എംഎൽഎമാർ ആണ് ഉള്ളത്. ഇത് എൽഡിഎഫിന് ഗുണം ചെയ്യുമെന്നും ശക്തനായ സ്ഥാനാർഥിയെ തന്നെ രംഗത്തിറക്കണമെന്നുമാണ് പൊതുവെയുള്ള ധാരണ. മാവേലിക്കര സീറ്റ് സിപിഎം ഏറ്റെടുത്ത് ആലപ്പുഴ സിപിഐക്ക് നൽകുന്നതിനെ കുറിച്ച് തുടക്കത്തിൽ നേതാക്കൾ തമ്മിൽ ചില ചർച്ചകൾ നടന്നുവെങ്കിലും പിന്നീട് കാര്യമായ ചർച്ചകൾ ഒന്നുമുണ്ടായില്ല.
ഇതേ തുടർന്നാണ് സിപിഐ ശക്തനായ സ്ഥാനാർഥിയെ രംഗത്തിറക്കുവാൻ ശ്രമിക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥിയെ തേടുന്നതിനിടയിൽ യുഡിഎഫിൽ കൊടിക്കുന്നിൽ സുരേഷ് തന്നെ വീണ്ടും മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.
മാവേലിക്കര മണ്ഡലത്തിൽ മൂന്നാം അങ്കത്തിനാണ് കൊടിക്കുന്നിൽ സുരേഷ് ഇറങ്ങുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മണ്ഡലത്തിലെ പ്രധാന പരിപാടികൾക്കെല്ലാം പങ്കെടുത്തു കൊണ്ട് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തന്നെ തുടക്കം കുറിച്ചു കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ച വച്ച ബിജെപി മാവേലിക്കര മണ്ഡലത്തിൽ കൂടുതൽ കരുത്തനായ സ്ഥാനാർഥിയെ മത്സരിപ്പിക്കുവാനാണ് ശ്രമിക്കുന്നത്.