തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിൽ തടവുകാർക്ക് രണ്ടാഴ്ചത്തെ പരോൾ അനുവദിക്കാൻ ആഭ്യന്തര വകുപ്പിന്റെ അനുമതി.
ഈ വർഷം പരോളിന് അർഹതയുള്ളവർക്കും പരോളിൽ പോകാൻ താത്പര്യമുള്ളവർക്കുമാണു പരോൾ നൽകുക. അതേസമയം, നിയന്ത്രിത വിഭാഗത്തിലുള്ള തടവുകാർക്ക് പരോളിന് അർഹതയുണ്ടാവില്ല.
പരോളിൽ ഇറങ്ങുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുകയും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീട്ടിൽ കഴിയുകയും വേണം.
ജയിലിൽ കോവിഡ് രോഗികൾ കൂടുന്ന സാഹചര്യം ഒഴിവാക്കാൻ തടവുകാർക്കു പരോൾ നൽകുന്ന കാര്യം പരിഗണിക്കണമെന്ന് കഴിഞ്ഞ മാസം ജയിൽ ഡിജിപി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റി കഴിഞ്ഞ ദിവസം ഇക്കാര്യം പരിശോധിക്കുകയും പരോൾ നൽകാൻ തീരുമാനിക്കുകയുമായിരുന്നു.