ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിലും റിയൽ എസ്റ്റേറ്റ് മേഖലയ്ക്കു ജിഎസ്ടി കുറയ്ക്കുന്ന തീരുമാനം നടപ്പാക്കാൻ കഴിയും. കഴിഞ്ഞ മാസത്തെ യോഗം നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചിരുന്നു.
ഏപ്രിൽ ഒന്നിനാണു താഴ്ന്ന നിരക്ക് നടപ്പാക്കുക. നടപ്പാക്കലിനുള്ള ചില നടപടിക്രമങ്ങളും മാറ്റത്തിനിടയിലെ ചില നിരക്കുകളുടെ കാര്യത്തിൽ കൃത്യതയും വരുത്തേണ്ടതുണ്ട്. ഇതിനായി മാർച്ച് 19ലേക്ക് ജിഎസ്ടി കൗൺസിൽ യോഗം വിളിച്ചിരുന്നു. വീഡിയോ കോൺഫറൻസിംഗിലൂടെയാണു സംസ്ഥാന ധനമന്ത്രിമാരും കേന്ദ്രധനമന്ത്രിമാരും ഉൾപ്പെട്ട കൗൺസിൽ അന്നു ചേരുക. 19-ലെ യോഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ അനുമതി നൽകി.
നിരക്കുമാറ്റം ഇങ്ങനെ
നിർമാണത്തിലിരിക്കുന്ന പാർപ്പിടങ്ങൾക്ക് 12 ശതമാനത്തിൽ നിന്ന് അഞ്ചു ശതമാനത്തിലേക്ക്. 12 ശതമാനം നിരക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റോ (ഐടിസി) ടുകൂടിയായിരുന്നു. അഞ്ചുശതമാനമാകുന്പോൾ ഐടിസി ഇല്ല.
ചെലവു കുറഞ്ഞ പാർപ്പിടപദ്ധതികളുടെ ജിഎസ്ടി എട്ടുശതമാനത്തിൽ നിന്ന് ഒരു ശതമാനമാക്കി. ചെലവു കുറഞ്ഞ എന്നത് മെട്രോകളിൽ 60 ചതുരശ്രമീറ്റർ വരെ വിസ്തൃതിയും 45 ലക്ഷം രൂപ വരെ വിലയും ഉള്ള പാർപ്പിടങ്ങളാണ്. മെട്രോ അല്ലാത്ത സ്ഥലങ്ങളിൽ 90 ചതുരശ്രമീറ്റർ വരെ ചെലവു കുറഞ്ഞവയിൽപ്പെടും.
നികുതി നിരക്ക് കുറച്ചതു വിലയിൽ ഗണ്യമായ കുറവ് വരുത്തുകയില്ലെന്നാണു സൂചന. ഇതുവരെ ഐടിസി ഉണ്ടായിരുന്നതിനാൽ നിർമാണ സാമഗ്രികളുടെ വിലയ്ക്കും മറ്റു സേവനങ്ങൾക്കുള്ള ജിഎസ്ടി വില്പനയിലെ ജിഎസ്ടിയുമായി തട്ടിക്കിഴിക്കാമായിരുന്നു. ഇനി അതില്ല. തന്മൂലം പാർപ്പിട വില കുറയ്ക്കാൻ നിർമാതാക്കൾക്കു കഴിയാതെ വരും.