കണ്ണൂര്‍: പറശ്ശിനിക്കടവില്‍ ലൈംഗികപീഡനത്തിനിരയായ പെണ്‍കുട്ടി മയക്കുമരുന്നിനടിമയെന്ന് പോലീസിന്റെ കണ്ടെത്തല്‍. ഇതേ വിദ്യാര്‍ഥിനി പഠിച്ചിരുന്ന സ്കൂളിലെ ഒരു ഡസനിലേറെ പെണ്‍കുട്ടികളും മയക്കുമരുന്നിന് അടിമയാണെന്നാണ് പോലീസ് കണ്ടെത്തിയത്. ജില്ലയില്‍ പൊലീസ് സ്റ്റേഷനുകളിലെ പീഡന കേസുകളിലെ കാരണമന്വേഷിച്ച് പൊലീസ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വെളിപ്പെട്ടത്.
പലരും സ്ഥിരം മയക്കുമരുന്നിന് അടിമകളാണ്. മൊബൈല്‍ ഫോണ്‍ നല്കി ഇവരെ പ്രീണിപ്പിച്ച് ലൈംഗിക വേഴ്ചകള്‍ക്ക് വിധേയമാക്കുന്ന സംഭവങ്ങളും ഒട്ടേറെയാണ്. പിതാവുള്പ്പെടെയുള്ള അടുത്ത ബന്ധുക്കളും അയല്‍വാസികളും സുഹൃത്തുക്കളും കാമുകി എന്ന പേരില്‍ കൊണ്ടു നടന്നവരും ഇത്തരം പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ട്. പീഡനത്തിനിരയായ പെണ്‍കുട്ടികളില്‍ 56 ശതമാനം പേരും പഠനത്തില്‍ വളരെ പിറകിലുള്ളവരാണ്. അമ്പത് ശതമാനം പേരും വിദ്യാലയത്തിലെ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സംബന്ധിക്കാറില്ല. എന്‍.സി.സി., എന്‍. എസ്. എസ്. , കുട്ടി പൊലീസ്, എന്നിവയില്‍ പോലും ഇത്തരത്തിലുള്ള 87 ശതമാനം പേരും പങ്കാളികളാവാറില്ല.
58 ശതമാനം പെണ്‍കുട്ടികളും താഴ്ന്ന വരുമാനത്തില്പെട്ട കുടുംബത്തിലെ അംഗങ്ങളാണ്. മൊബൈല്‍ ഫോണ്‍ വാഗ്ദാനത്തില്‍ കുടുങ്ങിയും ആഡംബര സൗകര്യങ്ങളിലും മതിമറന്നാണ് ഇവര്‍ വഴി തെറ്റിപ്പോകുന്നത്. ഇത്തരത്തില്പെട്ടവരില് 38 ശതമാനം പെണ്‍കുട്ടികള്‍ ഇടത്തരം വരുമാനക്കാരുടേയും നാല് ശതമാനം ഉയര്‍ന്ന വരുമാനക്കാരുടേയും കുടുംബങ്ങളിള്‍ നിന്നുള്ളവരാണ്. എന്നാല്‍ ഇവരെല്ലാം പഠനകാര്യത്തില്‍ തീരെ പിറകിലാണ്. പീഡനത്തിനിരയായ പെണ്‍കുട്ടികളില്‍ 62 ശതമാനം പേരുടെ വീടുകളും സംഘര്‍ഷാന്തരീക്ഷമുള്ള സാഹചര്യമാണുള്ളത്. രക്ഷിതാക്കളുടെ കാര്യമായ ശ്രദ്ധയോ പരിലാളനമോ ഇവര്‍ക്ക് ലഭിക്കുന്നുമില്ല. അതുകൊണ്ടു തന്നെ ഇവര്‍ കൂട്ടു ചേരുന്നത് മോശം സാഹചര്യത്തിലുള്ള കൂട്ടുകാരുമായാണ്.
കുട്ടികളുടെ ഈ അവസ്ഥയില്‍ നിന്നും മോചിപ്പിക്കാന്‍ വിദ്യാലയ അധികൃതരില്‍ നിന്നും മതിയായ നടപടികളെന്നും ഉണ്ടാവുന്നുമില്ല. അതിനാല്‍ തന്നെ ആഡംബര വസ്തുക്കള്‍ നല്‍കിയും പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നല്‍കിയുമൊക്കെ ഇവരെ ചൂഷണം ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ മാറ്റിയെടുക്കാന്‍ രക്ഷിതാക്കളും സമൂഹവും അടിയന്തിരമായും മുന്നിട്ടിറങ്ങേണ്ട സാഹചര്യമാണുള്ളത്.