ചങ്ങനാശേരി: നാലുകോടി ആലംപറന്പിലെ തത്ത നാട്ടുകാർക്കും വീട്ടുകാർക്കും ഇന്നൊരു താരമാണ്. അപ്രതീക്ഷിതമായി എത്തിയ അഥിതി വാചകമടികൊണ്ടാണ് വീട്ടുകാരെ കൈയിലെടുത്തത്.നാലുകോടി ജംഗ്ഷനിൽ ഓട്ടോഡ്രൈവറായ ആലുംപറന്പിൽ ബിജു സെബാസ്റ്റ്യന്റെ വീട്ടിലാണ് മനോഹരിയായ തത്ത മനംകവരുന്നത്. ഒരു മാസം മുമ്പ് നാലുകോടി ജംഗ്ഷനിൽ കാക്ക വട്ടംകൂടി ശബ്ദമുണ്ടാക്കുന്നതിനിടയിലാണു ബിജു തത്തയെ കണ്ടെത്തിയത്. തത്തയെ രക്ഷപ്പെടുത്തി തോർത്തിൽ പൊതിഞ്ഞു വീട്ടിലെത്തിച്ചു.
തത്തയെ കണ്ടതുമുതൽ ബിജുവിന്റെ മാതാവ് അന്നയ്ക്കും ഭാര്യ സിന്ധുവിനും മക്കളായ ജോബിക്കും ജോഫിക്കും ആഹ്ലാദമായി. ബിജു ചങ്ങനാശേരി മാർക്കറ്റിലെത്തി ആയിരം രൂപ വില നൽകി ഒരു കൂടു വാങ്ങി. തത്ത സിറ്റൗട്ടിൽ ഇടം പിടിച്ചു. ഭക്ഷണവും വെള്ളവും കഴിച്ചു ഉഷാറായതോടെ തത്ത വാചകമടിയും ചൂളം വിളിയും തുടങ്ങി.
തത്ത പ്രിയങ്കരിയായെങ്കിലും ഇന്നലെ രാവിലെ ദീപിക പത്രത്തിൽ തത്തേ മടങ്ങി വരൂ എന്ന തലക്കെട്ടിൽ വന്ന വാർത്ത ബിജുവിനെയും കുടുംബത്തെയും ആശയക്കുഴപ്പത്തിലാക്കി. ബിഹാറുകാരിയായ ബബിതദേവി പൊന്നോമനയായി വീട്ടിൽ വളർത്തിയ തത്തയെ കാണാതായെന്നും ദിവസങ്ങളായി തെരഞ്ഞിട്ടും തത്ത മടങ്ങിയെത്താത്തതു മനോവിഷമത്തിനു കാരണമാക്കിയതായും ബബിത സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. തത്തയെ കാണാതായതു മുതൽ ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ പോലും ബബിതയ്ക്കാകുന്നില്ലെന്ന വാർത്തയാണ് ഈ കുടുംബത്തെ ചിന്തിപ്പിച്ചത്.
തങ്ങളുടെ വീട്ടിൽ അതിഥിയായെത്തിയ തത്തയും ഇങ്ങനെ ആരുടെയെങ്കിലും പ്രിയങ്കരി ആയിരുന്നിരിക്കാമെന്ന് ഇവർ പറയുന്നു. ഇതിന്റെ ഉടമയും വിഷമത്തിലായിരിക്കും. ഇതോടെ ഇവർ നാലുകോടി പള്ളി അസിസ്റ്റന്റ് വികാരി ഫാ.ചെറിയാൻ കക്കുഴിയെ വിളിച്ചു.തുടർന്നു ദീപികയിലും വിവരം അറിയിച്ചു. തത്തയെ നഷ്ടപ്പെട്ട ബബിതയുടെ ദുഃഖം മനസിലാക്കുന്നുവെന്നും തത്തയുടെ ഉടമ എത്തിയാൽ തിരികെ നൽകാൻ തയാറാണെന്നും അല്പം വിഷമത്തോടെയാണെങ്കിലും ബിജുവും കുടുംബവും പറയുന്നു.