കടുത്തുരുത്തി: വീട്ടില്‍ വളര്‍ത്തിയ തത്തമ്മയെ ചൊല്ലി തര്‍ക്കം. വീട്ടമ്മയ്ക്കു സമീപവാസിയുടെ മര്‍ദനമേറ്റതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തതായി പോലീസ്. കോതനല്ലൂര്‍ ചാമക്കാലായിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചാമക്കാല പ്ലാപ്പറമ്പില്‍ ആലീസ് ചാക്കോ (48), ഇവരുടെ നാട്ടുകാരന്‍ കണ്ടത്തില്‍ മല്‍ബിന്‍ (32) എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തതെന്ന് ഏറ്റുമാനൂര്‍ പോലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് ആലീസ് ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത് ഇങ്ങനെ- ആലീസിന്റെ വീട്ടില്‍ വളര്‍ത്തിയിരുന്ന തത്ത കൂട് തുറക്കുന്നതിനിടെ പറന്നു പോയി. പിന്നീട് ദിവസങ്ങളോളം ഇതിനെ കണ്ടെത്താനായില്ല. ഈ തത്തയെ സമീപവാസിയായ മല്‍ബിന് ലഭിച്ചു. തത്തയെ കൂട്ടിലിട്ട് മല്‍ബിന്‍ വളര്‍ത്തി. ഇതിനിടെ തന്റെ തത്ത മല്‍ബിന്റെ വീട്ടിലുണ്ടെന്ന് അറിഞ്ഞ് ചോദിക്കാനായി ആലീസ് കഴിഞ്ഞ മൂന്നിന് വൈകൂന്നേരം 5..30 ഓടെ മല്‍ബിന്റെ വീട്ടിലെത്തി. എന്നാല്‍ തത്തയെ വിട്ടു നല്‍കാന്‍ വീട്ടുകാര്‍ തയാറായില്ല. ഇതുമായി ബന്ധപ്പെട്ടുള്ള സംസാരത്തിനിടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും മല്‍ബിന്‍ ആലീസിനെ മര്‍ദിച്ചു ഗുരുതരമായി പരിക്കേല്‍പിക്കുകയും ചെയ്തുവത്രെ.
പരിക്കേറ്റു വഴിയില്‍ കിടന്ന ആലീസിനെ ശബ്ദം കേട്ട് അതുവഴിയെത്തിയ സോജാ മണിയെന്നയാളാണ് വീട്ടിലെത്തിച്ചത്. രാത്രിയോടെ ഭര്‍ത്താവ് ചാക്കോ വീട്ടിലെത്തിയ ശേഷം ആലീസിനെ കുറവിലങ്ങാട് സര്‍ക്കാര്‍ ആശുപത്രിയിലും ഇവിടെ ഡോക്ടര്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് രാത്രിയോടെ വൈക്കം താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റിരുന്ന ആലീസ് ദിവസങ്ങളോളം ഇവിടെ അഡ്മിറ്റായിരുന്നു. ഇതിനിടെ വിവരമറിഞ്ഞ് കടുത്തുരുത്തിയില്‍ നിന്നും പോലീസെത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
ഒമ്പതിന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായ ആലീസ് 12ന് കടുത്തുരുത്തി സ്റ്റേഷനിലെത്തി വിവരങ്ങള്‍ തിരക്കിയപ്പോള്‍ സംഭവം നടന്നത് ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ അവിടെ അന്വേഷിക്കാന്‍ പറഞ്ഞു. 18ന് ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ നിന്നും വിളിച്ചു 20 ന് വൈകൂന്നേരം നാലിന് സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ചു 20ന് വൈകൂന്നേരം നാലിന് സ്റ്റേഷനിലെത്തി. എന്നാല്‍ രാത്രി ഒമ്പതായിട്ടും പോലീസ് മൊഴിയെടുക്കാന്‍ തയാറായില്ല. ഇതേകുറിച്ചു ചോദിച്ചപ്പോള്‍ എസ്‌ഐ സ്ഥലത്തില്ലെന്ന മറുപടിയാണ് പറഞ്ഞത്. മൊഴിയെടുത്തിട്ടേ വീട്ടില്‍ പോകുന്നുള്ളുവെന്ന് ആലീസും ഒപ്പമുണ്ടായിരുന്നവരും അറിയിച്ചതോടെയാണ് പിന്നീട് മൊഴി എടുക്കാന്‍ പോലീസ് തയാറായത്.
പിറ്റേന്ന് രാവിലെ വീട്ടില്‍ കാണണമെന്നും വിവരങ്ങള്‍ അന്വേഷിക്കാന്‍ പോലീസ് വരുമെന്നും പറഞ്ഞിരുന്നെങ്കിലും ആരുമെത്തിയില്ലെന്ന് ആലീസ് പറഞ്ഞു. ഏറ്റുമാനൂര്‍ പോലീസില്‍ നിന്നും നീതിപൂര്‍വമായ അന്വേഷണം ഉണ്ടാകുമോയെന്ന് സംശയമുള്ളതിനാലാണ് പരാതി നല്‍കുന്നതെന്നും ആലീസ് പറഞ്ഞു. എന്നാല്‍ സംഭവത്തെ കുറിച്ചു അന്വേഷിച്ചതായും തന്നെ മര്‍ദ്ദിച്ചു സാരമായി പരിക്കേല്‍പിച്ചതായുള്ള ആലീസിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മല്‍ബിനെതിരെയും തന്റെ വീട്ടിലെത്തി അതിക്രമം നടത്തിയതായി മല്‍ബിന്റെ പരാതിയില്‍ ആലീസിനെതിരെയും കേസ് എടുത്തതായി പോലീസ് പറഞ്ഞു.