നിരവധി വീഡിയോകൾ ദിനംപ്രതി സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ചിലത് നമ്മളെ രസിപ്പിക്കും ചിലത് കരയിക്കും മറ്റു ചിലതാകട്ടെ ചിന്തിപ്പിക്കുകയും ചെയ്യും. ഇപ്പോഴിതാ ബംഗളൂരിൽ നിന്നുള്ളൊരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
രാഹുൽ ജാഥവ് എന്ന യൂസറാണ് ഈ വീഡിയോ എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. തിരക്കുള്ള റോഡിൽ നിന്നുള്ളതാണ് ഈ വീഡിയോ. ബംഗുളൂരിൽ മുഷിവുണ്ടാക്കുന്ന നേരങ്ങളേ ഇല്ല എന്നും പറഞ്ഞാണ് യുവാവ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
രണ്ട് യുവതികൾ ഒരു സ്കൂട്ടറിൽ പോകുന്നതാണ് വീഡിയോ. വിവിധ വാഹനങ്ങൾക്ക് ഇടയിലൂടെ ഒക്കെ സ്കൂട്ടർ പോകുന്നത് കാണാം. സ്കൂട്ടർ ഓടിക്കുന്ന യുവതിയുടെ തോളിൽ ഒരു തത്ത ഇരിക്കുന്നത് കാണാൻ സാധിക്കും. അതാണ് ഈ കാഴ്ചയെ ആളുകൾക്ക് കൗതുകമുണ്ടാക്കുന്ന ഒന്നാക്കി മാറ്റിത്തീർത്തത്.
വീഡിയോ വൈറലായതോടെ നിരവധി ആളുകൾ കമന്റുമായി എത്തി. വീഡിയോയിൽ കാണുന്ന രണ്ട് യുവതികളും ഹെൽമെറ്റ് വച്ചിരുന്നില്ല. തത്തയെ പ്രശംസിക്കുന്നതിനേക്കാൾ അധികം ആളുകളും ഹെൽമെറ്റ് വയ്ക്കാതെ വണ്ടിയിൽ പോകുന്ന യുവതികളെ വിമർശിക്കുകയാണ് ചെയ്തത്.