ബോസ്റ്റണ്‍ (യുഎസ്): ദൂരെയുള്ള കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കാണാനും സംസാരിക്കാനും ആഗ്രഹിക്കുന്പോൾ മനുഷ്യർക്ക് ഓഡിയോ/വീഡിയോ കോള്‍ ചെയ്യാം.
മറ്റു ജീവജാലങ്ങളുടെ കാര്യത്തില്‍ ഇതൊന്നും സാധ്യമല്ലെന്നാണു കരുതുന്നതെങ്കില്‍ തെറ്റി! വളര്‍ത്തു തത്തകൾ വീഡിയോകോള്‍ വിളിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ഒരുസംഘം ഗവേഷകർ.
സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ, തത്തകള്‍ വീഡിയോകോളിലൂടെ മറ്റു തത്തകളെ കാണുന്നതും ചില ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നതും കേള്‍ക്കാം.
ചിലപ്പോള്‍ സ്ക്രീനില്‍ കൊക്കു ചേര്‍ക്കുന്നതും കാണാം! നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റി, ഗ്ലാസ്ഗോ യൂണിവേഴ്സിറ്റി, എംഐടി എന്നിവിടങ്ങളില്‍നിന്നുള്ള ഗവേഷകരാണ് തത്തകളില്‍ പരീക്ഷണങ്ങള്‍ നടത്തുകയും പരിശീലനം നല്‍കുകയും ചെയ്തത്.
വീടുകളിലെ കൂടുകളില്‍ ഏകാന്തവാസം അനുഭവിക്കുന്ന തത്തകള്‍ അസന്തുഷ്ടരായ പറവകളാണെന്നു ഗവേഷകർ പറയുന്നു. വിശാലമായ ഭൂപ്രകൃതിയില്‍ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്ന പക്ഷികൾക്കു കൂട്ടിൽ അടയ്ക്കപ്പെട്ടുള്ള ജീവിതം വിരസതയും ഒറ്റപ്പെടലുമാണ് സൃഷ്ടിക്കുന്നത്.
ഇതുണ്ടാക്കുന്ന അസ്വസ്ഥതയിൽ സ്വയം തൂവലുകള്‍ പറിച്ചെടുക്കുന്നതുപോലുള്ള സ്വയംദ്രോഹ പ്രവണതകള്ക്കുപോലും പറവകൾ മുതിരാറുണ്ട്.
ഇതിനു പരിഹാരം കാണാനാണ് യുഎസിലെ ഏകദേശം 20 ദശലക്ഷം വളര്‍ത്തുമൃഗങ്ങളില്‍ ചിലതിനു പരസ്പരം ബന്ധപ്പെടാനുള്ള മാര്‍ഗം കണ്ടെത്താന്‍ ഗവേഷകര്‍ ശ്രമിച്ചത്. ഇതിന്റെ ഭാഗമായി തത്ത ഉടമകള്‍ക്കു വേണ്ടി ഓണ്‍ലൈന്‍ പരിശീലന പരിപാടിയായ പാരറ്റ് കിന്റര്ഗാര്ട്ടന് ആരംഭിക്കുകയും ചെയ്തു.