പൊൻകുന്നം: സ്മാർട്ട് ഫോണ്‍ ഓർഡർ ചെയ്തപ്പോൾ പാഴ്സലായി ജ്യൂസ് കിട്ടിയയാൾക്ക് പരാതിയെ തുടർന്ന് ഫോണ്‍ പാഴ്സലെത്തി. ഇന്നലെ ഉച്ചയ്ക്കാണ് ഓണ്‍ ലൈൻ സ്ഥാപനം ഫോണ്‍ എത്തിച്ചത്. പൊൻകുന്നത്ത് ഡിസൈനിംഗ് സ്ഥാപനം നടത്തുന്ന ചിറക്കടവ് മൂന്നാം മൈൽ കറ്റുവെട്ടിയിൽ രാജേഷിന് നേരത്തെ ഓർഡർ ചെയ്ത പുതിയ റെഡ് മീ 047 ഫോണ്‍ തന്നെയാണ് ഇന്നലെ ലഭിച്ചത്.
കഴിഞ്ഞ മാസം കഴിഞ്ഞ 27നാണ് രാജേഷ് ഓണ്‍ലൈൻ വഴി 15000 രൂപ നൽകി ഫോണിന് ഓർഡർ ചെയ്തത്. ഫോണിനു പകരം കിട്ടിയത് രണ്ടു പാക്കറ്റ് പേരയ്ക്ക ജൂസാണ്. വിതരണക്കാരന്റെ മുന്പിൽ വെച്ച് പാക്കറ്റ് തുറന്നപ്പോൾ മൊബൈൽ ഫോണിനു പകരമെത്തിയത് ജൂസാണെന്ന് തിരിച്ചറിഞ്ഞതോടെ കന്പനിയിൽ അറിയിച്ചിരുന്നു.
ഒരാഴ്ചക്കുള്ളിൽ പണം തിരികെ അക്കൗണ്ടിൽ നിക്ഷേപിക്കാമെന്ന് അറിയിച്ചിരുന്നതിനാൽ ജ്യൂസ് പാക്കറ്റ് തിരികെ അയച്ചു. പിന്നീട് കന്പനി ഫോണ്‍ പാഴ്സലായി എത്തിക്കുകയായിരുന്നു.