കണ്ണൂർ: പർദ ധരിച്ച് വോട്ട് ചെയ്യാൻ എത്തുന്നവരുടെ മുഖാവരണം മാറ്റിയാൽ മാത്രമേ വോട്ടുചെയ്യാൻ അനുവദിക്കാൻ പാടുള്ളുവെന്ന സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ പ്രസ്താവന വിവാദമാകുന്നു. കമ്യൂണിസ്റ്റ് മനസിനകത്ത് ഉറങ്ങിക്കിടക്കുന്ന കമ്യൂണലിസത്തിന്റെ തനി രൂപമാണ് സിപിഎം ജില്ലാ സെക്രട്ടറിയിലൂടെ പുറത്ത് വന്നിരിക്കുന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുൾകരീം ചേലേരി പ്രസ്താവനയിൽ പറഞ്ഞു.
പർദ ധരിച്ച് വോട്ട് ചെയ്യാൻ എത്തിച്ചേരുന്നവരുടെ കാര്യത്തിൽ മുഖാവരണം മാറ്റിയാൽ മാത്രമേ വോട്ടറെ തിരിച്ചറിയാൻ കഴിയൂ എന്നതിനാൽ അത് കർശനമായി നടപ്പിലാക്കണമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടത്.
ഏപ്രിൽ 23ന് തെരഞ്ഞെടുപ്പ് നടന്നപ്പോൾ പർദധരിച്ചെത്തിയ 50ലേറെ പേർ പാമ്പുരുത്തിയിലും നൂറോളം പേർ പുതിയങ്ങാടിയിലും മുഖാവരണം മാറ്റാത്തതുകൊണ്ടുതന്നെ തിരിച്ചറിയാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചില്ല. മുഖാവരണം മാറ്റാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടപ്പോൾ അത് ചെയ്തുമില്ല.
ആവശ്യത്തിന് പോലീസ് ഉണ്ടാകാതിരുന്നതുകൊണ്ട് ഇത്തരം നിയമവിരുദ്ധ നടപടികൾ തടയാനും കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ ആവശ്യമായ പോലീസ് സുരക്ഷാ സംവിധാനം ഉണ്ടാക്കണമെന്നും ഇതുസംബന്ധിച്ച് ചീഫ് ഇലക്ഷന് ഓഫീസര്ക്കും ജില്ലാ കളക്ടര്ക്കും, ജില്ലാ പോലീസ് ചീഫിനും പരാതി നല്കിയിട്ടുണ്ടെന്നും എം.വി. ജയരാജൻ പ്രസ്താവനയിലൂടെ അറിയിച്ചു.
വോട്ടറെ കൃത്യമായി തിരിച്ചറിയണമെന്ന് പോളിംഗ് ഉദ്യോഗസ്ഥന്മാർ ആവശ്യപ്പെട്ടാൽ അവരെ ഭീഷണിപ്പെടുത്തുകയും എൽഡിഎഫ് പോളിംഗ് ഏജന്റുമാർ ചലഞ്ച് ചെയ്താൽ അവരെ മർദിച്ചുകൊണ്ട് കള്ളവോട്ട് ചെയ്യുകയുമാണ് രീതി. ഇതാണ് ഏപ്രിൽ 23ന് കണ്ടത്. ഒരാൾ തന്നെ അഞ്ചു കള്ളവോട്ടുകൾ വരെ ചെയ്യുന്നത് തെളിഞ്ഞതാണ്. കള്ളവോട്ട് ചെയ്യാൻ ക്യൂവിൽ നിൽക്കുന്നവർക്ക് സ്ലിപ് കൊണ്ടുപോയി കൊടുക്കുന്നത് മുന്നേ തയ്യാറാക്കിയ സംഘാംഗങ്ങളാണ്.
കള്ളവോട്ട് ചെയ്യുന്നവർ ക്യൂവിൽ നിന്ന് മാറുന്നതേയില്ല. ഒരു വോട്ട് ചെയ്തതിനുശേഷം വീണ്ടും വോട്ട്ചെയ്യാൻ ക്യൂവിൽ കയറുകയാണ് ചെയ്തത്. അതുകൊണ്ടുതന്നെ പോളിംഗ് സ്റ്റേഷനകത്ത് വച്ച് വോട്ടറെ തിരിച്ചറിയാൻ സംവിധാനമൊരുക്കിയാൽ മാത്രം പോര, ക്യൂവിൽ നിൽക്കുന്ന വോട്ടർമാരെ തിരിച്ചറിയാനും സംവിധാനമുണ്ടാക്കണം. ഈ ബൂത്തുകളിൽ അകത്തും പുറത്തും കാമറയുണ്ടാകണമെന്നും എം.വി.ജയരാജൻ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പുകളിൽ പർദ്ദ ധരിച്ചെത്തുന്ന സ്ത്രീ വോട്ടർമാരുടെ മുഖാവരണം ബൂത്തിന് പുറത്ത് ക്യൂവിൽ വച്ച് തന്നെ മാറ്റണമെന്നും മൂടുപടം മാറ്റാതെ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്നുമാണ് സിപിഎമ്മിന്റെ തിട്ടൂരം കമ്യൂണിസ്റ്റ് മനസിനകത്ത് ഉറങ്ങിക്കിടക്കുന്ന കമ്യൂണലിസത്തിന്റെ തനി രൂപമാണെന്ന് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പ്രതികരിച്ചു.
ജനപ്രാതിനിധ്യ നിയമത്തിലെ എല്ലാ ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തിയാൽ കണ്ണൂർ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് ജയിക്കും. അത്തരത്തിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ യു.ഡി.എഫിന് ഒരു മടിയുമില്ല. എന്നാൽ വിശ്വാസവും ആചാരവും നിരാകരിച്ചാവണം വോട്ടർമാർ പോളിംഗ് ബൂത്തിൽ വരേണ്ടതെന്ന് പറഞ്ഞാൽ അത് അംഗീകരിക്കാനുമാവില്ല.
ജില്ലയിലെമ്പാടും വ്യാജ ഐഡന്റിറ്റി കാർഡ് നൽകിയും സ്ത്രീകളെ തന്നെ പരസ്യമായി കള്ളവോട്ട് ചെയ്യാനിറക്കിയും ബൂത്ത് പിടിച്ചും തെരഞ്ഞെടുപ്പിൽ ജയിച്ചു വരുന്ന സിപിഎം വേശ്യയുടെ ചാരിത്ര്യ പ്രസംഗമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.