സ്വന്തം ലേഖകൻ
കണ്ണൂര്: ആകാശ് തില്ലങ്കേരി വിവാദം കത്തുന്നതിനിടെ ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമായ എം. ഷാജറിനെതിരേ പാർട്ടിതല അന്വേഷണം.
കണ്ണൂരിലെ സ്വർണക്കടത്ത് സംഘങ്ങളിൽനിന്നു ലാഭവിഹിതമായി സ്വർണം കൈപ്പറ്റി, ആകാശ് തില്ലങ്കേരിയുമായി അടുത്തബന്ധം പുലർത്തുന്നു,
പാർട്ടി ചർച്ചകൾ ആകാശിന് ചോർത്തിക്കൊടുക്കുന്നു എന്നിവ ചൂണ്ടിക്കാട്ടി ജില്ലാ കമ്മിറ്റിക്ക് നൽകിയ പരാതിയിലാണ് അന്വേഷണം. ആകാശുമായി ഷാജർ സംസാരിക്കുന്ന വാട്സാപ് ഓഡിയോയുടെ പകർപ്പ് സഹിതമാണ് പരാതി നൽകിയത്.
ജില്ലാ കമ്മിറ്റിയംഗം മനു തോമസ് നൽകിയ പരാതിയിലാണ് അന്വേഷണം. ഷാജർ ജില്ലാ സെക്രട്ടറി യായിരിക്കെ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആയിരുന്ന മനു തോമസ്.
ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. സുരേന്ദ്രനാണ് അന്വേഷണച്ചുമതല. പരാതിക്കാരനിൽനിന്ന് അന്വേഷണ കമ്മീഷൻ മൊഴിയെടുത്തു.
ആഭ്യന്തര അന്വേഷണമായതിനാൽ പാർട്ടിയുടെ അനുമതിയില്ലാതെ ഇതേക്കുറിച്ച് പ്രതികരിക്കാൻ മനു തോമസ് തയാറായില്ല.
ആകാശിന്റെ നേതൃത്വത്തിലുള്ള സ്വർണക്കടത്ത് ക്വട്ടേഷൻ സംഘത്തിനെതിരേ ഡിവൈഎഫ്ഐയിൽ കർശന നിലപാടെടുത്തയാൾ മനു തോമസായിരുന്നു.
ഇതോടെ ആകാശും കൂട്ടാളികളും മനുവിനെതിരേ സൈബർ ആക്രമണം രൂക്ഷമാക്കി. ഇതിന് പിന്നിൽ നിഴലായിനിന്നത് ഈ സംഘങ്ങളുമായി അടുപ്പം പുലർത്തുന്ന ഷാജറാണെന്ന് മനസിലായതോടെയാണ് മനു തോമസ് ജില്ലാ നേതൃത്വത്തിന് തെളിവടക്കം പരാതി നൽകിയത്.
കഴിഞ്ഞ വർഷം ആദ്യം നൽകിയ പരാതി ജില്ലാ നേതൃത്വം പരാതി പൂഴ്ത്തിയെന്നാണ് ആരോപണം. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച തെറ്റുതിരുത്തൽ രേഖ സംബന്ധിച്ച് എം.വി. ഗോവിന്ദൻ ഉൾപ്പെടെ പങ്കെടുത്ത് കഴിഞ്ഞ മാസം നടത്തിയ ജില്ലാ കമ്മിറ്റി ചർച്ചയിൽ മനു ഈ വിഷയം വീണ്ടും ഉന്നയിച്ചു.
അതോടെയാണ് ഷാജറിനെതിരായ ഗുരുതര ആരോപണങ്ങൾ അന്വേഷിക്കാൻ ജില്ല സെക്രട്ടേറിയറ്റ് അംഗമായ എം. സുരേന്ദ്രനെ അന്വേഷണ കമ്മീഷനായി നിയോഗിച്ചത്.
ഷാജറിനായി സ്വർണം കൊണ്ടുവരാൻ ചെറുപുഴയിൽ പോയ പാർട്ടി ഓഫീസ് ഭാരവാഹിയിൽനിന്നും പരാതിക്കാരനായ മനു തോമസിൽനിന്നും എം. സുരേന്ദ്രൻ വിശദമായ മൊഴി രേഖപ്പെടുത്തി എന്നാണ് സൂചന.
കാശ് തില്ലങ്കേരിക്കെതിരേ ഞങ്ങൾ നിലപാട് വ്യക്തമാക്കിയെന്നും മാധ്യമങ്ങൾ ഇവിടെ ഈ വിഷയം അവസാനിപ്പിച്ചേക്കണം എന്നും താക്കീത് ചെയ്തായിരുന്നു കഴിഞ്ഞ ദിവസം തില്ലങ്കേരിയിലെ പൊതുയോഗത്തിൽ ഡിവൈഎഫ്ഐ നേതാവ് എം. ഷാജറിന്റെ തീപ്പൊരി പ്രസംഗം.