കോഴഞ്ചേരി: തിരുവല്ല – കുമ്പഴ സംസ്ഥാന പാതയിലെ ഇരവിപേരൂര്‍ ജംഗ്ഷനടുത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് ഗ്രാമപഞ്ചായത്ത് കമ്മിറ്റി നിര്‍മിച്ച കുട്ടികളുടെ പാര്‍ക്ക് (വാട്ട്സാൻ പാർക്ക്) കാടു കയറി നശിക്കുന്നു. കഴിഞ്ഞ എല്‍ഡിഎഫ് പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് 2014 അവസാനത്തിലാണ് ഉത്സവ അന്തരീക്ഷത്തില്‍ ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പാര്‍ക്ക് തുറന്നത്. എന്നാല്‍ ഒരു വര്‍ഷത്തിനകം പാര്‍ക്കിന്റെ നശീകരണവും ആരംഭിച്ചു.
വേണ്ടത്ര പഠനങ്ങള്‍ നടത്താതെ പൊതു സമൂഹത്തിന്റെ താത്കാലിക കൈയടി ലഭിക്കുന്നതിനുവേണ്ടി നടത്തിയ ചെപ്പടി വിദ്യയായിരുന്നു പാര്‍ക്കെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പാര്‍ക്കുകളും ഉദ്യാനങ്ങളും നിര്‍മിച്ചാല്‍ അവ നോക്കി നടത്തുന്നതിന് താത്കാലികാടിസ്ഥാനത്തിലെങ്കിലും ജീവനക്കാരെ നിയമിക്കും.
എന്നാല്‍ ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ അത്തരത്തിലുള്ള ഒരു നടപടിയും ഇതുവരെയും സ്വീകരിച്ചിട്ടില്ല. ദീര്‍ഘവീക്ഷണം ഇല്ലാതെ പാര്‍ക്ക് നിർമിച്ചതുകൊണ്ടാണ് ഇന്ന് ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമായി പാര്‍ക്ക് മാറിയിരിക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.
പാര്‍ക്ക് നിർമിച്ച സ്ഥലം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതല്ലെന്ന് വിവരാവകാശ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു.
പൊതുമരാമത്ത് വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും പുറമ്പോക്കുഭൂമിയിലാണ് പഞ്ചായത്ത് കൈയേറി പാര്‍ക്ക് നിർമിച്ചിരിക്കുന്നതെന്നും പറയപ്പെടുന്നു. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച പാര്‍ക്ക് സംരക്ഷിക്കാന്‍ ഇപ്പോഴും ഭരണത്തിലുള്ള എല്‍ഡിഎഫ് പഞ്ചായത്ത് കമ്മിറ്റി താത്പര്യം കാണിക്കുന്നില്ലെന്നാക്ഷേപം നിലനില്‍ക്കുകയാണ്.
പാര്‍ക്ക് വീണ്ടും പഴയ സ്ഥിതിയില്‍ പുനഃസ്ഥാപിക്കുന്നില്ലെങ്കില്‍ കാടു കയറി നശിക്കുന്ന ഇവിടം മത്സ്യ, പച്ചക്കറി മാര്‍ക്കറ്റുകള്‍ക്കായി ഉപയോഗിക്കാന്‍ കഴിയുമെന്നും പറയപ്പെടുന്നു. ഇരവിപേരൂരില്‍ ടി.കെ. റോഡിന്റെ ഇരുവശങ്ങളും വാണിഭക്കാര്‍ കൈയേറി കച്ചവടം നടത്തുകയാണ്. ഇത് പലപ്പോഴും ഗതാഗത കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാകുന്നു. പാര്‍ക്ക് സംരക്ഷിക്കുന്നില്ലെങ്കില്‍ ഇവിടം കച്ചവട കേന്ദ്രമായി മാറ്റിയാല്‍ ടികെ റോഡിലെ കൈയേറ്റം ഒഴിവാക്കാനും കഴിയുമെന്നാണ് നാട്ടുകാരുടെ പക്ഷം.