കൊച്ചി: കൊച്ചിയില്‍ രാത്രി നടക്കുന്ന പാര്‍ട്ടികളില്‍ ഉപയോഗിക്കാനായി മാജിക് മഷ്റൂം എന്നറിയപ്പെടുന്ന മാജിക് കൂണുകള്‍ വ്യാപകമായി എത്തുന്നു. കഴിഞ്ഞ ദിവസം എളമക്കര പോലീസ് അറസ്റ്റു ചെയ്ത ചിറ്റൂര്‍ സ്വദേശി ഡെറിന്‍ ജേക്കബിനെ ചോദ്യം ചെയ്തതില്‍നിന്നു പോലീസിനു ഇക്കാര്യത്തില്‍ വ്യക്തമായ സൂചന ലഭിച്ചതായാണ് വിവരം. കഞ്ചാവില്‍നിന്നും ലഹരിഗുളികകളില്നിന്നും ലഭിക്കുന്നതില്‍ കൂടുതല്‍ ലഹരിക്കായാണ് യുവാക്കള്‍ ഇത്തരം കൂണുകള്‍ ഉപയോഗിക്കുന്നത്.
കണ്ടാല്‍ സാധാരണ കൂണുപോലിരിക്കുന്ന ഇവ തിരിച്ചറിയാന്‍ വളരെ ബുദ്ധിമുട്ടുമാണ്. കൂണിന്റെ വിഷാംശം വേര്‍തിരിച്ചെടുത്താണ് ലഹരിക്കായി ഉപയോഗിച്ചുവരുന്നത്. കുറഞ്ഞ അളവില്‍പോലും വളരെയധികം ലഹരി ലഭിക്കുന്നതിനാല്‍ നഗരത്തിലെ മിക്ക പാര്‍ട്ടികള്‍ക്കും പ്രീയങ്കമാകുകയാണ് മാജിക് മഷ്റൂം. നഗരത്തിലെ ലഹരി പാര്‍ട്ടികള്‍ക്കായി ഊട്ടിയില്‍നിന്ന് എത്തിച്ചതാണ് മാജിക് മഷ്റൂമെന്നു പ്രതി മൊഴി നല്‍കിയിട്ടുണ്ട്. ഊട്ടി, കൊടേക്കനാല്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണ് മാജിക് മഷ്റൂം കൂടുതലായും കേരളത്തിലെത്തുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഇതുകൂടാതെ, നഗരത്തില്‍ വിവിധ ഇടങ്ങളിലായി മൂന്നു യുവാക്കളെ ലഹരി വസ്തുക്കളുമായി കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. 50 ഗ്രാം കഞ്ചാവും, 15ഓളം മയക്കുമരുന്ന് ഗുളികകളുമായി മട്ടാഞ്ചേരി സ്വദേശികളായ അബുതാഹിര്‍(18), ഷെഹബാന്‍(18) എന്നിവരെ എറണാകുളം സൗത്ത് പോലീസ് കസ്റ്റഡയിലെടുത്തപ്പോള്‍, കഞ്ചാവു കൈവശംവച്ചതിനാണ് മുളവുകാട് പോലീസ് ഞാറക്കല്‍ സ്വദേശി ശ്യാം(45) മിനെ പിടികൂടിയത്. നഗരത്തിലെ മയക്കുമരുന്നു ശൃംഖലയിലെ പ്രധാനികളായ ഇവര്‍ സിറ്റി ഷാഡോ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
എറണാകുളം സൗത്ത് എസ്ഐ സുനുമോന്‍, എളമക്കര പോലീസ് എസ്ഐ പ്രജീഷ് ശശി, മുളവുകാട് എസ്ഐ പി.ആര്. സുനു എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സിപിഒമാരായ ഹരിമോന്, രഞ്ജിത്ത് വിശാല്‍, സുനില്‍, അനില്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.