കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസ് നിരീക്ഷിക്കാൻ കേന്ദ്ര രഹസ്യാന്വേഷണസംഘവും കണ്ണൂരിൽ എത്തി.
കൂടാതെ, പാർട്ടി കോൺഗ്രസ് നിരീക്ഷിക്കാൻ മാവോയിസ്റ്റുകളും എത്തുമെന്ന റിപ്പോർട്ടിനെ തുടർന്ന് കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ് എന്നിവടങ്ങളിൽ നിന്നുള്ള രഹസ്യാന്വേഷണ വിഭാഗവും എത്തിയിട്ടുണ്ട്.
മാവോയിസ്റ്റ് സ്വാധീനം കൂടുതലുള്ള ജില്ലകളായതിനാലാണ് ഇവിടെ നിന്നുള്ള രഹസ്യപോലീസ് എത്തിയിരിക്കുന്നത്.
കൂടാതെ, ഇവിടങ്ങളിലുള്ള പ്രധാനപ്പെട്ട മാവോയിസ്റ്റ് നേതാക്കളുടെ ചിത്രങ്ങൾ സഹിതമുള്ള ലിസ്റ്റ് സംസ്ഥാന പോലീസിന് കൈമാറിയിട്ടുണ്ട്.
പോലീസ് കാവലിൽ നഗരം
കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നഗരത്തിൽ സുരക്ഷ കടുപ്പിച്ച് പോലീസ്. നഗരം ചുറ്റി പോലീസ് കാവലുണ്ട്.
കണ്ണൂർ, വയനാട്, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലെ അഡീഷണൽ എസ്പിമാർക്കാണ് സുരക്ഷാ ചുമതല.
സുരക്ഷ ഏകോപിപ്പിക്കുന്നതിനായി ഉത്തരമേഖലാ ഐജി അശോക് യാദവ് പാർട്ടി കോൺഗ്രസ് കഴിയുന്നതുവരെ കണ്ണൂരിലുണ്ടാകും.
മുഖ്യമന്ത്രിയും മന്ത്രിമാരും താമസിക്കുന്ന ഗസ്റ്റ് ഹൗസിലും മറ്റ് സ്ഥലങ്ങളിലും ശക്തമായ സുരക്ഷയാണ് ഏർപെടുത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിക്ക് പ്രത്യേക സുരക്ഷയുണ്ട്. ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളടക്കം കണ്ണൂരിൽ എത്തികഴിഞ്ഞു.
ഈ സാഹചര്യത്തിലാണ് പോലീസ് സുരക്ഷ കടുപ്പിച്ചിരിക്കുന്നത്. അതേസമയം,ഏഴ് ലക്ഷത്തോളം പേർ കണ്ണൂരിലെത്തുന്നത് കൊണ്ട് തന്നെ നാളെ മുതൽ ഗതാഗതകുരുക്ക് രൂക്ഷമാകുമെന്നാണ് പോലീസ് കണക്കുകൂട്ടൽ.
ഗതാഗതകുരുക്ക് ഒഴിവാക്കാനായി പോലീസിന്റെ രണ്ട് ടീമിനെ നിയമിച്ചിട്ടുണ്ട്.
ഗതാഗതകുരുക്ക് നിയന്ത്രിക്കാനാണ് ഒരു ടീം. പ്രത്യേക കൺട്രോൾ സജ്ജീകരിച്ച് ട്രാഫിക് നിയന്ത്രിക്കാനാണ് മറ്റൊരു ടീം. രാത്രികാല പട്രോളിംഗും പരിശോധനയും ശക്തമാക്കി.
ഇടവഴികളിലും മറ്റും പോലീസ് പരിശോധന നടത്തുന്നുണ്ട്.നിലവിൽ കണ്ണൂരിൽ 1700 ഓളം പോലീസ് എത്തിയിട്ടുണ്ട്.
പാർട്ടി കോൺഗ്രസ് നടക്കുന്ന പ്രധാന സ്ഥലങ്ങളായ നായനാർ അക്കാദമിയിലും ടൗൺ സ്ക്വയറിലും പോലീസ് മൈതാനിയിലുമെല്ലാം രണ്ട് ദിവസമായി പോലീസ് തമ്പടിക്കുന്നുണ്ട്.
എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ നിയമിച്ച് ഉത്തരവിറങ്ങി
സിപിഎം പാർട്ടി കോൺഗ്രസ് നടക്കുന്ന സ്ഥലത്തും അനുബന്ധ പരിപാടികൾ നടക്കുന്നിടത്തും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ നിയമിച്ചുകൊണ്ട് ഉത്തരവിറങ്ങി.
കണ്ണൂർ ആർഡിഒ കെ.കെ. ദിവാകരനാണ് ഉത്തരവിറക്കിയിരിക്കുന്നത്. സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായുള്ള പ്രദർശനത്തോടനുബന്ധിച്ചും പാർട്ടി കോൺഗ്രസിനോടനുബന്ധിച്ചും സുരക്ഷാ മുൻകരുതലുകൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ നിയോഗിച്ചതെന്നാണ് ഉത്തരവിൽ പറയുന്നത്.
14 വരെയാണ് ഇവരുടെ സാന്നിധ്യം ഉണ്ടാകുന്നത്. ഒരു ദിവസം രണ്ട് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാർക്കാണ് ചുമതല.
കണ്ണൂർ പോലീസ് മൈതാനം, ജവഹർ സ്റ്റേഡിയം, നായനാർ അക്കാദമി എന്നിവിടങ്ങളിലാണ് ഇവരുടെ സാന്നിധ്യമുള്ളത്.
സിപിഎമ്മിന്റെ പ്രചാരണ സാമഗ്രികൾക്ക് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് കണ്ണൂർ റേഞ്ച് ഡിഐജി ഇറക്കിയ ഉത്തരവ് നേരത്തെ വിവാദമായിരുന്നു.