കൊച്ചി: ‘പാര്‍ട്ടി ഡ്രഗ്’ എന്നറിയപ്പെടുന്ന മാരക മയക്കുമരുന്നുമായി രണ്ടു യുവാക്കള്‍ പിടിയിലായ കേസില്‍ ലഹരിമരുന്നു നല്കിയ മങ്കിമാന്‍ എന്നറിയപ്പെടുന്ന വിദേശിയെ കണ്ടെത്തുന്നതിനായി എക്സൈസ് സംഘം ഗോവയ്ക്കു പോകും.
കേസുമായി ബന്ധപ്പെട്ട് കടുങ്ങല്ലൂര്‍ മുപ്പത്തടം തത്തയില്‍ വീട്ടില്‍ ശ്രീരാഗ് (21) കടുങ്ങല്ലൂര്‍ മുപ്പത്തടം കരയില്‍ വടശേരി വീട്ടില്‍ രാഹുല്‍ (20) എന്നിവരാണ് എറണാകുളം എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ സ്പെഷ്യല്‍ ആക്ഷന്‍ ടീമിന്റെ പിടിയിലായത്.
ഇവരുടെ പക്കല്‍നിന്ന് 6.400 ഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇവര്‍ മയക്കുമരുന്ന് കച്ചവടത്തിനായി ഉപയോഗിച്ച സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തു.
ഉപഭോക്താക്കള്‍ക്കിടയില്‍ ‘കീരി രാജു’ എന്ന് അറിയപ്പെടുന്ന ശ്രീരാഗും കൂട്ടാളികളും ഗോവയില്‍ പോയി അവിടെനിന്ന് വന്‍തോതില്‍ മയക്കുമരുന്ന് വാങ്ങി ഇവിടെ വന്‍തോതില്‍ വില്പന നടത്തിവരുകയായിരുന്നു.
ഗ്രാമിന് 800 രൂപയ്ക്ക് അവിടെ നിന്ന് വാങ്ങുന്ന ലഹരിമരുന്ന് 3500 രൂപയ്ക്കാണ് ഏലൂര്‍, പാതാളം, മുപ്പത്തടം ഭാഗങ്ങളില്‍ വില്പന നടത്തിയിരുന്നത്.
വ്യത്യസ്ത വാഹനങ്ങളും വ്യത്യസ്ത സിം കാര്‍ഡുകളും ഉപയോഗിച്ചായിരുന്നു മയക്കുമരുന്ന് വില്പന. ഈ സംഘത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ബി.ടെനിമോന് പറഞ്ഞു.
ഈ ഇനത്തില്‍പ്പെട്ട സിന്തറ്റിക് ഡ്രഗ് അര ഗ്രാമില്‍ കൂടുതല്‍ കൈവശം വച്ചാല്‍ 10 വര്‍ഷത്തെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും കിട്ടാവുന്ന കുറ്റമാണ്.
പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീരാഗ് കൃഷ്ണ, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി. അജിത് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ടി.എക്സ്. ജസ്റ്റിന്, സിറ്റി മെട്രോ ഷാഡോയിലെ സിഇഒ എന്‍.ഡി. ടോമി, പറവൂര്‍ സര്‍ക്കിള്‍ സിഇഒ ഒ.എസ്. ജഗദീഷ്, അമൃത് കരുണ്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.