കൊച്ചി: സംസ്ഥാനത്തു വർഷങ്ങൾക്കു മുൻപു നിരോധിച്ച ബന്ദിന്റെ മറ്റൊരു രൂപമാണു ഹർത്താലെന്നും പൊതുജനങ്ങളെ ബന്ദികളാക്കുന്ന രാഷ്ട്രീയപാർട്ടികളെ സർക്കാരിനു നിയന്ത്രിക്കാനാവാത്തതു കുറ്റകരമായ വീഴ്ചയാണെന്നും ഹൈക്കോടതി. ഹർത്താലിനു നശിപ്പിക്കൽ എന്നായി അർഥമെന്നും ഡിവിഷൻ ബെഞ്ച് വിമർശിച്ചു.
2005ലെ ഇടതുമുന്നണി ഹർത്താലിനിടെയുണ്ടായ കല്ലേറിൽ കാഴ്ച നഷ്ടപ്പെട്ട ലോറി ഡ്രൈവർക്കു സർക്കാർ ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന വിധിക്കെതിരേ സർക്കാർ നൽകിയ അപ്പീൽ തള്ളിയാണു ഹൈക്കോടതിയുടെ വിമർശനം.
പൗരന്റെ ജീവനു സംരക്ഷണം നൽകുകയെന്നതു സർക്കാരിന്റെ പ്രാഥമിക കർത്തവ്യമാണെന്നു കോടതി ചൂണ്ടിക്കാട്ടി. പലപ്പോഴും മുന്നറിയിപ്പില്ലാതെയാണു ഹർത്താൽ വരുന്നത്. ഏതെങ്കിലും അനിഷ്ടസംഭവത്തിന്റെ പേരിൽ സംസ്ഥാനത്തു രാഷ്ട്രീയവികാരം ആളിക്കത്തിക്കാനാണു പാർട്ടികൾ ശ്രമിക്കുന്നത്. അങ്ങേയറ്റം ഉത്കണ്ഠയോടെയാണ് ഇതിനെ നോക്കിക്കാണേണ്ടത്. കടകൾ, ബാങ്കുകൾ, വാഹനങ്ങൾ, സ്ഥാപനങ്ങൾ തുടങ്ങിയവയൊക്കെ ഹർത്താലിൽ നിശ്ചലമാകും.
കച്ചവടക്കാരും വിദ്യാർഥികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സമൂഹം ദുരിതം അനുഭവിക്കുന്നു. സംസ്ഥാനത്തിന്റെ സന്പദ്ഘടനയെ മാത്രമല്ല, അന്തസിനെയും ഹർത്താൽ ബാധിക്കുന്നുണ്ട്. രാഷ്ട്രീയക്കാരായ ഹർത്താലനുകൂലികളെ എതിർക്കുന്നവർ അക്രമത്തിനിരയാകുന്ന സ്ഥിതിയുണ്ട്. ഹർത്താൽ ദിനത്തിൽ ഓഫീസോ കടയോ തുറന്നാൽ ഹർത്താലനുകൂലികൾ പ്രതികാരദാഹികളായി എല്ലാം നശിപ്പിക്കും.
ലോറി ഡ്രൈവറായ കളമശേരി സ്വദേശി ചന്ദ്രബോസിന്റെ വലതുകണ്ണിന്റെ കാഴ്ചയാണു നഷ്ടപ്പെട്ടത്. രാത്രി കണ്ണൂരിൽനിന്നു മിനിലോറി ഓടിച്ചു കോഴിക്കോട്ടേക്കു വരുന്പോഴായിരുന്നു കല്ലേറ്. ഡ്രൈവറായി തുടരാൻ കഴിയില്ലെന്നും 15 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി.
ഹർത്താലിന് ആഹ്വാനം ചെയ്ത എൽഡിഎഫ്, സിഐടിയു എന്നീ സംഘടനകളിൽനിന്നു നഷ്ടപരിഹാരത്തുകയുടെ 75 ശതമാനം ഈടാക്കാമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ ഹർത്താലിൽ പരിക്കേറ്റ വ്യക്തിക്കു സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന വിധി നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടി സർക്കാരും ഡിജിപിയുമാണു ഹർജി നൽകിയത്. സിംഗിൾബെഞ്ചിന്റെ വിധി ശരിവച്ച ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളുകയായിരുന്നു.