കൊച്ചി: ’അല്പം കൂടി താമസിച്ചിരുന്നെങ്കിൽ മരണം വരെ സംഭവിച്ചേനെയെന്നാണു ഡോക്ടർ പറഞ്ഞത്. തങ്ങൾക്കു ഭാഗ്യമുള്ളതിനാൽ അമ്മയ്ക്കും കുഞ്ഞിനും അരുതാത്തതൊന്നും സംഭവിച്ചില്ല’ മാഞ്ഞാലി ചെറുകടപ്പുറം സ്വദേശി രാജേഷ് ഇതു പറയുന്പോൾ ക്ഷുഭിതനായിരുന്നു.
കഴിഞ്ഞദിവസം നഗരത്തിലെ ഗതാഗതക്കുരുക്കിൽപ്പെട്ടു രാജേഷിന്റെ പൂർണഗർഭിണിയായ ഭാര്യ വിനയ വേദനതിന്നതു രണ്ടു മണിക്കൂറിലധികമാണ്. കാറിനുള്ളിൽ വേദനകൊണ്ടു കരയുന്ന യുവതിയും ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ പാടുപെടുന്ന യുവാവും കണ്ടുനിന്നവരുടെ മനസിലും വിങ്ങലായി. കണ്ടെയ്നർ റോഡിൽ ടോൾ ബൂത്തിനായുള്ള ബങ്കിനു സമീപമാണ് ഇവരുടെ വാഹനം ഗതാഗതക്കുരുക്കിൽപ്പെട്ടത്.
സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു വ്യാഴാഴ്ച വൈകുന്നേരം കൊച്ചി നഗരത്തിൽ നടന്ന റാലിയെത്തുടർന്നാണു ഗതാഗതക്കുരുക്ക് രൂപപ്പെട്ടത്. ഉച്ചയ്ക്കു രാജേഷ് ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ഭാര്യയുമായി എത്തിയിരുന്നു. പരിശോധനയ്ക്കുശേഷം രണ്ടു ദിവസം കഴിഞ്ഞു പ്രസവത്തിനായി അഡ്മിറ്റാകാൻ ഡോക്ടർ നിർദേശിച്ചു പറഞ്ഞയച്ചു. വീട്ടിൽ പോയി വരാനുള്ള ബുദ്ധിമുട്ടോർത്തു രാജേഷ് ഇടപ്പള്ളിയിൽതന്നെ റൂമെടുത്തു.
ഇതിനിടെ ജോലി സംബന്ധമായ ആവശ്യത്തിനു കൊച്ചിയിലേക്കു വരേണ്ടതായി വന്നു. ഈ യാത്രയിലാണു ഗതാഗതക്കുരുക്കിൽപ്പെട്ടത്. മുന്നിലേക്കും പിന്നിലേക്കും പോകാതെ കാറിലിരിക്കുന്നതിനിടെ വിനയയ്ക്കു കലശലായ പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. രണ്ടു മണിക്കൂറിലധികം വേദന സഹിച്ച ഇവരെ ആശുപത്രിയിലെത്തിച്ച് അര മണിക്കൂറിനുള്ളിൽ പ്രസവം നടന്നു. തന്റെ മൂന്നാമത്തെ പ്രസവത്തിൽ ആൺകുട്ടിക്കാണു വിനയ ജന്മം നൽകിയത്.
സിപിഎം റാലിയെത്തുടർന്നു മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കാണു കൊച്ചി നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും വ്യാഴാഴ്ചയുണ്ടായത്. സ്ത്രീകളും കുട്ടികളും വയോധികരും രോഗികളുമടക്കം ആയിരങ്ങളാണു കുരുക്കിൽപ്പെട്ടു വലഞ്ഞത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. നഗരത്തിൽ പ്രകടനങ്ങളും സമ്മേളനങ്ങളും നടക്കുന്പോഴൊക്കെ ഇതു സംഭവിക്കുന്നു. പോലീസ് ഗതാഗതക്രമീകരണങ്ങൾ നടത്താറുണ്ടെങ്കിലും അതൊട്ടും ഫലപ്രദമാകാറില്ല.
ഇത്തരം പ്രകടനങ്ങൾക്കെതിരേ സോഷ്യൽമീഡിയിലടക്കം അന്നു പരക്കെ പ്രതിഷേധം ഉയർന്നെങ്കിലും ജനങ്ങളെ നടുറോഡിൽ ബന്ദിയാക്കിക്കൊണ്ടുള്ള പ്രകടനങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു.