കാട്ടാക്കട: ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും സ്ഥാനാർഥിത്വം ഉറപ്പിച്ച മുന്നണികൾ കാട്ടാക്കടയിൽ കളത്തിലിറങ്ങി.
സിറ്റിംഗ് എംഎൽഎ ഐ.ബി.സതീഷും ബിജെപി സ്ഥാനാർഥിയായി പി.കെ. കൃഷ്ണദാസും മണ്ഡലത്തിൽ പ്രചാരണ പരിപാടികളുമായി സജീവമായി.
പാർട്ടി യോഗങ്ങളിലും മണ്ഡലത്തിലെ വികസന പരിപാടികളിലും സതീഷ് സജീവമായി പങ്കെടുക്കുന്നുണ്ട്.
സിപിഎം ഔദ്യോഗിക പ്രഖ്യാപനം നടത്തിയശേഷമേ അദ്ദേഹം വോട്ട് ചോദിച്ചിറങ്ങൂ എന്നാണ് പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന സൂചന.
മണ്ഡലത്തിൽ ഉടനീളം സിപിഎം, ഇടത് മുന്നണി വാർഡുതല യോഗങ്ങൾ സംഘടിപ്പിക്കുന്ന തിരക്കിലാണിപ്പോൾ.
കഴിഞ്ഞ തവണ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച പി.കെ. കൃഷ്ണദാസ് തന്റെ അനൗദ്യോഗിക പ്രചാരണം തുടങ്ങി ക്കഴിഞ്ഞു.
ഒരുമാസം മുൻപാണ് കാട്ടാക്കടയിൽ വാടക വീടെടുത്ത് പി.കെ. കൃഷ്ണദാസ് താമസം തുടങ്ങിയത്കൃഷ്ണദാസിന്റെ നേതൃത്വത്തിൽ ഇന്നലെ മാറനല്ലൂർ, ഊരൂട്ടമ്പലത്തിൽ സ്വകാര്യ ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മഹാ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു.
കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായിട്ടില്ല. ജില്ലാപഞ്ചായത്ത് മെന്പർ അൻസജിതാ റസൽ, ആർ.വി. രാജേഷ്, മലയിൻകീഴ് വേണുഗോപാൽ, മുൻ മന്ത്രിയും ദീർഘകാലം കാട്ടാക്കട എംഎൽഎയുമായിരുന്ന എൻ.ശക്തൻ എന്നിവരെയാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർഥികളായി പരിഗണിക്കുന്നത്