സ്വന്തം ലേഖിക
കണ്ണൂർ: ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂരിൽ കനത്ത സുരക്ഷ ഒരുക്കി പോലീസ്. ജില്ലയിലെ രാഷ്ട്രീയ പാർട്ടികളുടെ ആസ്ഥാന മന്ദിരങ്ങൾ പോലീസ് നിരീക്ഷണത്തിലാക്കി. പാർട്ടി ഓഫീസുകളുടെ പരിസരത്ത് പാർട്ടിയുമായി ബന്ധമില്ലാതെ കറങ്ങുന്നവരെ കസ്റ്റഡിയിൽ എടുക്കും.
കണ്ണൂരിൽ രാത്രികാലങ്ങളിൽ അനാവശ്യമായി കറങ്ങി നടക്കുന്നവരെയും പിടികൂടും. വ്യക്തമായ കാരണങ്ങളില്ലാതെ നഗരത്തിൽ ചുറ്റുന്നവർക്കാണ് പോലീസിന്റെ പിടിവീഴുന്നത്. ഇവരുടെ വാഹനങ്ങൾ പിടിച്ചെടുത്ത് കണ്ടുകെട്ടും. ഇന്നലെ മുതലാണ് പോലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കിയത്.
ആലപ്പുഴയിലുണ്ടായ ഇരട്ടക്കൊലപാതകങ്ങളുടെ സാഹചര്യത്തിൽ കണ്ണൂരിലും പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് പോലീസ് പരിശോധന ശക്തമാക്കിയത്. ഇന്നലെ കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിൽ മാത്രം പത്ത് പേർക്കെതിരെ മുൻകരുതൽ അറസ്റ്റ് രേഖപ്പെടുത്തി. 27 വാഹനങ്ങൾ പിടിച്ചെടുത്തു.
രാത്രി 10 ന്ശേഷം അനാവശ്യമായി കറങ്ങുന്ന വാഹനങ്ങൾ പോലീസ് പിടിച്ചെടുക്കും. ടൗണുകളിൽ രാത്രി 10 കഴിഞ്ഞാൽ കൂട്ടം കൂടി നിൽക്കുന്നവർക്കെതിരെ നടപടിയെടുക്കും. കൂടാതെ, രാഷ്ട്രീയ അക്രമക്കേസുകളിൽ ഉൾപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുവാനും നിരീക്ഷണം ഏർപ്പെടുത്തുവാനും അതാത് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് സിറ്റി, റൂറൽ പോലീസ് മേധാവിമാർ നിർദ്ദേശം നല്കികഴിഞ്ഞു