തിരുവനന്തപുരം: തലസ്ഥാനത്തെ സിപിഎം ജില്ലാക്കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ മുന്‍ ഡിസിപി ചൈത്ര തെരേസ ജോണിന്റെ നടപടി സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ശിപാർശകളൊന്നുമില്ലാതെയാണ് ബെഹ്റ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറിയത്.
വിഷയത്തിൽ അന്വേഷണം നടത്തിയ എഡിജിപി മനോജ് എബ്രഹാം തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയത്. ഈ റിപ്പോർട്ടിൽ ചൈത്രക്കെതിരെ നടിപടിയൊന്നും ശിപാർശ ചെയ്തിരുന്നില്ല. നിയമപരമായ നടപടി മാത്രമാണ് അവരുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും റിപ്പോർട്ടിൽ വ്യക്മാക്കിയിരുന്നുവെന്നാണ് വിവരം.
അതേസമയം, വിഷയത്തിൽ ചൈത്ര അൽപംകൂടി ജാഗ്രത പുലർത്തേണ്ടിയിരുന്നുവെന്ന് എഡിജിപിയുടെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു. വിഷയത്തിലെ പോലീസ് നടപടി നിയമസഭയിലും ചർച്ചാ വിഷയമായിരുന്നു. റെയ്ഡിനെ മുഖ്യമന്ത്രി പിണറായി വിജയൻ അതിരൂക്ഷമായാണ് വിമർശിച്ചത്.
രാഷ്ട്രീയ പ്രവർത്തകരെ ഇകഴ്ത്തിക്കാട്ടാൻ സമൂഹത്തിന്റെ പലഭാഗങ്ങളിലും ശ്രമം നടക്കുന്നുണ്ടെന്നും ആ ശ്രമത്തിന്റെ ഭാഗമാണ് സിപിഎം ഓഫീസിൽ നടന്ന റെയ്ഡെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. പാർട്ടി ഓഫീസുകളിൽ സാധാരണ റെയ്ഡ് നടക്കാറില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി പാർട്ടി ഓഫീസുകൾ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
റെയ്ഡിനു പിന്നാലെ ചൈത്രയെ ഡിസിപി ചുമതലകളിൽ നിന്ന് മാറ്റിയ നടപടിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തിയിരുന്നു. സംഭവം സമൂഹ മാധ്യമങ്ങളിലടക്കം വൻതോതിൽ ചർച്ചയാവുകയും ചെയ്തിരുന്നു.