മുക്കം: തെരഞ്ഞെടുപ്പ് ഫണ്ടിന്റെ പേരില്‍ മുക്കത്ത് ബിജെപി നേതാക്കള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റ സംഭവത്തില്‍ പ്രതികരണവുമായി ബിജെപി നേതൃത്വം.
സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും പാര്‍ട്ടി അന്വേഷണം നടത്തുമെന്നും നിയോജക മണ്ഡലം പ്രസിഡന്റ് കെ.പി. ജയപ്രകാശ് പറഞ്ഞു.
മുക്കം തൃക്കുടമണ്ണ ശിവക്ഷേത്രത്തിലെ റോഡില്‍ വെച്ച് ഇന്നലെ ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെയാണ് സംഘര്‍ഷം നടന്നത്.
ബിജെപി മണ്ഡലം മുന്‍ വൈസ് പ്രസിഡന്റ് കോഴഞ്ചേരി മോഹനന് കഴുത്തിന് കുത്തേല്‍ക്കുകയായിരുന്നു. ബിജെപി മുക്കം നഗരസഭ പ്രസിഡന്റ് സുബനീഷ് ആണ് കുത്തിയതന്ന് ഇയാള്‍ പറയുന്നു .
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴഞ്ചേരി മോഹനന് 13, 14 വാര്‍ഡുകളുടെ ചുമതലയായിരുന്നു ബിജെപി നല്‍കിയിരുന്നത്.
ഓരോ വാര്‍ഡുകള്‍ക്കും 9,000 രൂപ പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയിരുന്നുവെന്നും ഇത് തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും നല്കാത്തതിനാല് സുബനീഷിനോട് ചോദിച്ചുവെന്നും ഇത് വാക്കുതര്‍ക്കത്തിലും പിന്നീട് സംഘര്‍ഷത്തിലും കലാശിക്കുകയുമായിരുന്നുവെന്നും കോഴഞ്ചേരി മോഹനന് പറഞ്ഞു.
എന്നാല്‍ തനിക്ക് മോഹനന് പണം നല്കാന് ഉണ്ടായിരുന്നുവെന്നും ഇതാണ് സംഘര്‍ഷത്തിന് കാരണമായതെന്നും സുബനീഷ് പറഞ്ഞു. സംഭവം വ്യക്തിപരമാണെന്നാണ് ബി.ജെ.പിയുടെ നിലപാട്.
അതേസമയം ഇരുവരും പരാതി നല്കാത്തതിനാല് പോലിസ് കേസെടുത്തിട്ടില്ല. അതേ സമയം സംഭവത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലന്ന് നിയോജക മണ്ഡലം പ്രസിഡന്റ് ജയപ്രകാശ് അറിയിച്ചു.