കോട്ടയം: കേരള കോണ്‍ഗ്രസും കോട്ടയത്ത് സംസ്ഥാന കമ്മറ്റി ഓഫീസ് തുറന്ന് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നു.
അടിമുടി മാറ്റത്തിനൊരുങ്ങി കേരള കോണ്‍ഗ്രസ്-എം സംഘടന തെരഞ്ഞടുപ്പ് ഉൾപ്പെടെ നടത്താനുള്ള തയാറെടുപ്പുകൾ നടത്തുന്നതിനിടയിലാണ് പി.ജെ. ജോസഫ് നേതൃത്വം നല്കുന്ന കേരള കോണ്‍ഗ്രസ് കോട്ടയത്ത് ഇന്നു മുതൽ പുതിയ സംസ്ഥാന കമ്മറ്റി ഓഫീസ് തുറക്കുന്നത്.
മുന്‍പ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ഉണ്ടായിരുന്നപ്പോൾ സംസ്ഥാന കമ്മറ്റി ഓഫീസായി പ്രവർത്തിച്ചിരുന്ന കോട്ടയം സ്റ്റാർ ജംഗ്ഷനിലുള്ള കെട്ടിടത്തിൽ തന്നെയാണ് പുതിയ സംസ്ഥാന കമ്മറ്റി ഓഫീസും പ്രവർത്തിക്കുന്നത്.
കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് കേരള കോണ്‍ഗ്രസ് എമ്മിൽ ലയിച്ചപ്പോൾ ഈ ഓഫീസിന്റെ പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു.
തുടർന്നു പി.ജെ. ജോസഫ് നേതൃത്വം നല്കുന്ന ഗാന്ധിജി സ്റ്റഡി സെന്ററിന്റെ ഓഫീസായി ഇതു മാറ്റുകയായിരുന്നു.
കേരള കോണ്‍ഗ്രസ് എം വീണ്ടും പിളർന്നപ്പോൾ പി.ജെ. ജോസഫ് നേതൃത്വം നല്കുന്ന കേരള കോണ്‍ഗ്രസിനു സംസ്ഥാന കമ്മറ്റി ഓഫീസ് ഉണ്ടായിരുന്നില്ല. ഇപ്പോൾ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായിട്ടാണ് പുതിയ ഒാഫീസ് തുറന്നിരിക്കുന്നത്.
ഓഫീസിന്റെ പ്രവർത്തന ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കേരളാ കോണ്‍ഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ നിർവഹിക്കും.
പാർട്ടി വർക്കിംഗ് ചെയർമാൻ പി.സി. തോമസ്, എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ, സെക്രട്ടറി ജനറൽ ജോയി ഏബ്രഹാം, ചീഫ് കോ-ഒാർഡിനേറ്റർ ടി.യു. കുരുവിള, ഡെപ്യൂട്ടി ചെയർമാൻമാരായ ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ, അറയ്ക്കൽ ബാലകൃഷ്ണപിള്ള തുടങ്ങിയവർ പങ്കെടുക്കും.