കൊച്ചി: ഭക്ഷ്യസുരക്ഷ സംബന്ധിച്ച എൽഡിഎഫിന്റെ പ്രചാരണപോസ്റ്ററിൽ കളമശേരി കുസാറ്റിനു സമീപം ഒറ്റമുറിയിൽ താമസിക്കുന്ന വയോധികയായ പാറുവിനെ മോഡലാക്കിയതിനെച്ചൊല്ലി വിവാദം.
റേഷൻ കാർഡും കിറ്റുമായി ചിരിച്ചുകൊണ്ടിരിക്കുന്ന പാറുവിന്റെ ചിത്രമാണ് എൽഡിഎഫ് പോസ്റ്ററിലുള്ളത്.
എന്നാൽ തനിക്ക് അർഹമായ റേഷനരി കിട്ടുന്നില്ലെന്നും പിങ്ക് റേഷൻകാർഡ് മാറ്റി മഞ്ഞ കാർഡാക്കാൻ ആരും സഹായിച്ചില്ലെന്നും പരിഭവം പറയുന്ന പാറുവിന്റെ വീഡിയോ യുഡിഎഫ് പ്രവർത്തകർ ചിത്രീകരിച്ചു സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ ചൂടേറിയ ചർച്ചയായി.
ഈ വീഡിയോ ഹൈബി ഈഡൻ എംപി ഫേസ് ബുക്കിൽ പോസ്റ്റും ചെയ്തു.
പിങ്ക് കാർഡിനു നാലു കിലോ അരിയാണ് കിട്ടുന്നതെന്നും അത് പോരെന്നും യുഡിഎഫിന്റെ വീഡിയോയിൽ പാറു മുത്തശ്ശി പറയുന്നു.
പൈപ്പ്ലൈൻ റോഡിലെ പാറുവിന്റെ ഒറ്റമുറി വീട് നേരത്തേ ഷീറ്റുകൾ ഉപയോഗിച്ചുള്ളതായിരുന്നു.
ഇതു കത്തിപ്പോയപ്പോൾ കുസാറ്റിലെ ബിടെക് എൻജിനീയറിംഗ് വിദ്യാർഥികളാണ് പുതുക്കി നൽകിയതെന്നും പാറു പറയുന്നു.
പാറുവിനെ തെറ്റിദ്ധരിപ്പിച്ചാണ് റേഷൻ കാർഡുമായി എൽഡിഎഫിന്റെ പരസ്യത്തിൽ അഭിനയിപ്പിച്ചതെന്നാണു യുഡിഎഫ് ആക്ഷേപം.
അതേസമയം അമ്മയെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണം നിധേഷിച്ചു പാറുവിന്റെ മകൾ സ്വന്തമായി വീഡിയോ തയാറാക്കി പ്രചരിപ്പിക്കുന്നുണ്ട്.
എന്നാൽ ഇതിനെതിരേ പാറുവിന്റെ മകളുടെ മകനും വിവരാവകാശ പ്രവർത്തകനുമായ ഗിരീഷ് ബാബു രംഗത്തെത്തി.
തന്റെ മുത്തശ്ശിയുടെ പിങ്ക് കാർഡ് മാറ്റി മഞ്ഞ കാർഡാക്കണമെന്ന പരാതി അദ്ദേഹം മുഖ്യമന്ത്രിക്ക് അയച്ചു.