മുംബൈ:തെരുവുനായയുടെ ആക്രമണത്തില്‍ കന്നടനടിയ്ക്ക് ഗുരുതരപരിക്ക്. തന്റെ വളര്‍ത്തു നായയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കന്നഡ നടിയും മോഡലുമായ പറുല്‍ യാദവിനെയാണ് തെരുവുനായ്ക്കൂട്ടം കടിച്ചുകുടഞ്ഞത്. നടിയുടെ കയ്യും മുഖവുമുള്പ്പെടെ ശരീരത്തിന്റെ വിവിധഭാഗങ്ങളില്‍ കടിയേറ്റു. ഇതേത്തുടര്‍ന്ന് നടിയെ മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് ആഴത്തില്‍ മുറിവേറ്റതിനാല്‍ ഇവരെ ശ്സ്ത്രക്രിയയ്ക്ക വിധേയയാക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
തന്റെ വളര്‍ത്തുനായയുമായി മുംബൈ ജോഗേശ്വരി റോഡിലുള്ള തന്റെ വസതിയ്ക്കു സമീപം നടക്കാനിറങ്ങിയതായിരുന്നു പറുല്‍. ആ സമയത്താണ് അഞ്ചിലധികം തെരുവുനായ്ക്കള്‍ കൂട്ടമായി വന്ന് ഇവരുടെ വളര്‍ത്തുനായയെ ആക്രമിക്കുന്നത്. വളര്‍ത്തുനായയെ രക്ഷിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് തെരുവുനായ്ക്കളുടെ ശ്രദ്ധ നടിയിലായി. അതേത്തുടര്‍ന്ന് തെരുവുനായകള്‍ പറുലിനെ വളഞ്ഞിട്ട് കടിക്കുകയായിരുന്നു. മുഖത്തും കഴുത്തിലും തലയിലും ഗുരുതരമായി മുറിവേറ്റ ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മുംബൈ സ്വദേശിനിയായ പറുല്‍ തെന്നിന്ത്യന്‍ സിനിമയിലാണ് കഴിവുതെളിയിച്ചത്.ഡ്രീസ് എന്ന തമിഴ് സിനിമയിലൂടെയായിരുന്നു വെള്ളിത്തിരയില്‍ അരങ്ങേറ്റം. പൃഥ്വിരാജിന്റെ നായികയായി അഭിനയിച്ച ‘കൃത്യം’ ആണ് പറുളിന്റെ ആദ്യ മലയാള ചിത്രം. പിന്നീട് ബ്ലാക് ഡാലിയ, ബുള്ളറ്റ് എന്നീ മലയാള സിനിമകളിലും പറുള്‍ അഭിനയിച്ചു.