മാന്നാർ: പത്തനംതിട്ട പരുമലയിൽ അച്ഛനും അമ്മയും അതിദാരുണമായി വെട്ടേറ്റുമരിച്ചു. സംഭവത്തിൽ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. പരുമല ആശാരി പറമ്പിൽ കൃഷ്ണൻകുട്ടി (76), ഭാര്യ ശാരദ (68) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഇളയ മകൻ അനിൽകുമാർ (50) ആണ് കസ്റ്റഡിയിലുള്ളത്. ഇന്നു രാവിലെ 8.30 നായിരുന്നു സംഭവം.
വീടിനു വെളിയിൽ പല്ല് തേച്ചുകൊണ്ടിരുന്ന മകൻ പെട്ടെന്നു പ്രകോപിതനായി വീടിനുള്ളിലേക്ക് കടന്ന് വെട്ടുകത്തിയുമായി അച്ഛനെ വെട്ടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
തടസം പിടിക്കാനാത്തിയ അമ്മയെയും ഇയാൾ വെട്ടി. വെട്ടേറ്റ് വെളിയിലേക്ക് ഓടിയ ഇരുവരെയും പിന്നാലെ എത്തി വീണ്ടും വെട്ടുകയും കുത്തുകയുംചെയ്തു. ഇരുവരുടെയും മൃതദേഹങ്ങൾ മുറ്റത്താണ് കാണപ്പെട്ടത്.
പോലീസ് എത്തി അനിൽകുമാറിനെ ബലമായി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സംഭവസമയം വീട്ടിൽ ഇവർ മൂന്ന് പേർ മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം രാത്രി മുതൽ ഇയാൾ വീട്ടിൽ ബഹളമായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു. മകന്റെ ബഹളത്തെത്തുടർന്ന് കഴിഞ്ഞ കുറെ മാസങ്ങളായി അമ്മയും അച്ഛനും വാടകയ്ക്ക് താമസിക്കുകയായിരുന്നു.
മൂന്ന് ദിവസം മുൻപാണ് തിരികെ വീട്ടിലെത്തിയത്. കൂലിപ്പണിക്കാരനായ അനിൽകുമാറിന് ആരുമായും വലിയ ബന്ധങ്ങളില്ലായിരുന്നു. വിവാഹിതനായ ഇയാളുടെ ഭാര്യ പിണങ്ങിപോയിരുന്നു.
കൊലയ്ക്കുശേഷവും കൊലവിളി
പൈശാചികമായ കൊലപാതകമാണ് പരുമലയിൽ നടന്നത്. മുഖത്തും വയറ്റിലും വെട്ടിയും കുത്തിയുമാണ് മാതാപിതാക്കളെ യുവാവ് കൊലപ്പെടുത്തിയത്.
ആക്രമിക്കാൻ വരുന്നതു കണ്ടു വീട്ടിൽനിന്ന് ഇറങ്ങി ഓടിയ ഇരുവരെയും വെട്ടിവീഴ്ത്തുകയായിരുന്നു. കൊലയ്ക്കുശേഷം പിച്ചാത്തിയുമായി പോർവിളി നടത്തുന്നതു കേട്ടാണ് അയൽവാസികളും ബന്ധുക്കളും ഓടിയെത്തുന്നത്.
രക്തത്തിൽ കുളിച്ച് കിടക്കുന്ന മാതാപിതാക്കൾക്ക് സമീപമായിട്ടാണ് ഇയാൾ നിന്നിരുന്നത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് പോലീസ് എത്തുമ്പോഴും ഇയാൾ കൊലവിളി നടത്തുകയായിരുന്നു. പോലീസ് മൽപ്പിടത്തത്തിലൂടെയാണ് ഇയാളെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തത്.