മാന്നാർ: കുത്തിവച്ച് കൊലപ്പെടുത്തുവാൻ ശ്രമിച്ചതിന് പിന്നിൽ യുവതിയുടെ ഭർത്താവ് അരുണുമായുള്ള സ്നേഹബന്ധം. ചികിത്സയിൽ കഴിയുന്ന സ്നേഹയുടെ ഭർത്താവ് അരുണും പ്രതി അനുഷയും തമ്മിൽ വർഷ
ങ്ങളായുള്ള പരിചയമുണ്ട്. സ്നേഹയെ ഒഴിവാക്കി അരുണിനൊപ്പം ജീവിക്കാനാണ് അനുഷ ഈ ക്രൂരതയ്ക്ക് തുനിഞ്ഞത്. പോലീസ് ചോദ്യം ചെയ്യലിൽ ഇവർ ഇക്കാര്യം വെളിപ്പെടുത്തി.
രണ്ടു വിവാഹം കഴിച്ച അനുഷയുടെ ഇപ്പോഴത്തെ ഭർത്താവ് ഗൾഫിലാണ്. ആദ്യ ഭർത്താവിൽനിന്ന് ഇവർ വിവാഹമോചനം നേടിയിരുന്നു.
അരുണിന് ഈ കൃത്യത്തിൽ പങ്കുണ്ടോയെന്നു പോലീസ് അന്വേഷിക്കുന്നുണ്ട്. സ്നേഹ ഡിസ്ചാർജാകുന്ന വിവരവും താമസിക്കുന്ന മുറിയും കൃത്യമായി പ്രതി എങ്ങനെയാണ് അറിഞ്ഞതെന്നും അന്വേഷിച്ച് വരുന്നു.
മൊബൈലിൽ ഇവർ തമ്മിലുള്ള വാട്സാപ് ചാറ്റുകളും പോലീസ് പരിശോധിക്കും. അരുണിനെയും അനുഷയെയും ചോദ്യം ചെയ്യുന്നതിലൂടെ കൃത്യമായ വിവരങ്ങൾ പുറത്തുവരുമെന്നു പോലീസ് പറഞ്ഞു.
എയർ എംബോളിസം
രക്തധമനികളിൽ വായു കയറി രക്തയോട്ടം നിലയ്ക്കുകയും തുടർന്ന് ഹൃദയാഘാതം, പക്ഷാഘാതം എന്നിവ സംഭവിച്ച് മരണം സംഭവിക്കുകയും ചെയ്യുന്ന അവസ്ഥയാണ് എയർ എംബോളിസം.
പരുമലയിൽ സ്നേഹയെ കൊലപ്പെടുത്താനായി ഈ മാർഗമാണു പ്രതിയായ അനുഷ സ്വീകരിച്ചത്. എന്നാൽ പലതവണ കൈയിൽ സിറിഞ്ചുപയോഗിച്ച് കുത്തിയെങ്കിലും അതെല്ലാം തൊലി പുറത്തായിരുന്നു.
ഞരമ്പ് കൃത്യമായി കിട്ടിയിരുന്നില്ല. ഇത് സംബന്ധിച്ച് ഇവർക്ക് പരിചയക്കുറവ് ഉണ്ടായിരുന്നതും സ്നേഹയ്ക്കു രക്ഷയായി.
ഞരമ്പിലൂടെ വായു കയറിയിരുന്നെങ്കിൽ മരണം സംഭവിക്കാനുള്ള സാധ്യത ഏറെയായിരുന്നുവെന്നു ഡോക്ടർമാർ പറഞ്ഞു.