ഡൊമിനിക് ജോസഫ്
മാന്നാർ: പരുമല ആശാരിപറമ്പിൽ കൃഷ്ണൻകുട്ടി (75), ഭാര്യ ശാരദ (69) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ മകൻ അനിൽ കുമാർ(48) റിമാൻഡിൽ. ഇന്നലെ രാത്രിയോടു തന്നെ തെളിവെടുപ്പുകൾ പൂർത്തിയാക്കിയിരുന്നു.
പ്രതി കുറ്റം സമ്മതിച്ചതിനാലും വ്യക്തമായ എല്ലാ തെളിവുകളും ലഭിച്ചതിനാലും പ്രതിയെ ഇനി കസ്റ്റഡിയിൽ വാങ്ങേണ്ടതില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. എത്രയും പെട്ടെന്നുതന്നെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനാണ് ശ്രമിക്കുന്നതന്ന് പോലീസ് പറഞ്ഞു.
ഇന്നലെ രാവിലെ എട്ടരയോടെയാണ് നാടിനെ നടുക്കിയ അതിദാരുണമായ സംഭവം നടന്നത്. കിണറ്റിൽ നിന്ന് വെള്ളം കോരാനായി മകൻ എത്തിയപ്പോൾ സമീപത്തായി അമ്മ പല്ല് തേക്കുകയായിരുന്നു.
അമ്മയെന്തോ പറഞ്ഞയുടനെ യാതൊരു പ്രകോപനവുമില്ലാതെ പിച്ചാത്തി എടുത്ത് വെട്ടിവീഴ്ത്തുകയായിരുന്നു.മുറ്റത്തെ ബഹളം കേട്ട് പിതാവ് കൃഷ്ണൻകുട്ടി ഓടിയെത്തിയപ്പോഴേക്കും ഇയാളെയും വെട്ടിവീഴ്ത്തുകയായിരുന്നു.
തുടർന്ന് ക്രൂരമായി കഴുത്തിലും മുഖത്തും വയറ്റിലും വെട്ടി മരണം ഉറപ്പിച്ചു. തുടർന്ന് ഇയാൾ ബഹളം ഉണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അപ്പോഴേക്കുമാണ് അയൽവാസികളായ ബന്ധുക്കളും മറ്റും ഓടിയെത്തിയത്.
കൃഷ്ണൻകുട്ടിയുടെ കഴുത്തിലും വയറ്റിലും ഉൾപ്പടെ ദേഹമാസകലം 10 ഓളം ആഴത്തിലുള്ള മുറിവുകളുണ്ട്. ശാരദയുടെ കഴുത്തിനും തലയ്ക്കു പിന്നിലുമാണ് വെട്ടേറ്റത്.
കൃത്യത്തിന് ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെടുത്തിട്ടുണ്ട്.പത്തനംതിട്ട ജില്ലാ പോലീസ് േധാവി സ്വപ്നിൽ മദ്ഹർ മഹാജന്റെ നേതൃത്വത്തിൽ തിരുവല്ല ഡിവൈഎസ്പി അഷാദ്.എസ്, പുളിക്കീഴ് പോലീസ് ഇൻസ്പെക്ടർ അജീബ് എന്നിവർ അടങ്ങുന്ന പോലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
പത്തനംതിട്ടയിൽ നിന്ന് ഫോറൻസിക് പരിശോധന സംഘമെത്തി തെളിവുകൾ ശേഖരിക്കുകയും ചെയ്തു. കോട്ടയം മെഡിക്കൽ കോളജിൽ മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം ചെയ്തു ചെങ്ങന്നൂർ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.