മാന്നാർ: വഴിയോര കച്ചവടക്കാരിൽ നിന്നും ഗുണ്ടാപ്പിരിവും തറ വാടകയും വാങ്ങാൻ അനുവദിക്കില്ലെന്ന് വഴിയോര കച്ചവട യൂണിയൻ (സിഐറ്റിയു)പരുമല മേഖല സമ്മേളനം തീരുമാനിച്ചു. പരുമലയിലും സമീപ പ്രദേശങ്ങളിലും നടക്കുന്ന വഴിയോര കച്ചവടക്കാരിൽ നിന്നും ഭീഷണിപ്പെടുത്തി വ്യാപകമായി ചിലർ തറ വാടകയും ഗുണ്ടാപിരിവും നടത്തുന്നതായി വ്യാപാരികൾ യൂണിയന് നൽകിയ പരാതിയെ തുടർന്നാണ് തീരുമാനം.
പരുമലയിൽ വെള്ളിയാഴ്ച നടക്കുന്ന വഴിയോര കച്ചവടക്കാരിൽ നിന്ന് വ്യാപകമായി പരിവ് നടക്കുന്നതായിട്ടാണ് വ്യാപാരികൾ സമ്മേളനത്തിൽ ആരോപണം ഉന്നയിച്ചത്. ഇതേ തുടർന്നാണ് യൂണിയൻ നേതാക്കളുടെ നേതൃത്വത്തിൽ എല്ലാ വഴിയോര കച്ചവടക്കാർക്കും സൗകര്യം ഒരുക്കി റോഡിന്റെ ഒരു വശത്ത് കച്ചവടം നടത്തുവാനും പിരിവുകൾ തടയുവാനും തീരുമാനിച്ചത്.
പരുമല പള്ളി റോഡിൽ 15 ഓളം സ്ഥിരം കച്ചവടക്കാരും വെളളിയാഴ്ച ദിവസം വിവിധ സ്ഥലങ്ങളിൽ നിന്നായി 60 ഓളം കച്ചവടക്കാരുമാണ് എത്തുന്നത്. സിപിഎം ഭരിക്കുന്ന കടപ്ര ഗ്രാമപഞ്ചായത്ത് ഇവിടെ കച്ചവടം നിരോധിക്കുകയും ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് മറികടന്നാണ് യൂണിയൻ ഇപ്പോൾ കച്ചവവടം പുനസ്ഥാപിക്കുവാൻ തീരുമാനിച്ചിരിക്കുന്നത്.
സിപിഎം ഏരിയാ കമ്മറ്റിയംഗം പി.കെ അപ്പുക്കുട്ടൻ വഴിയോര കച്ചവട യൂണിയൻ മേഖല സമ്മേളനം ഉത്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി മണി-പ്രസിഡന്റ്, ലീലാമ്മ, എം.ഓമനക്കുട്ടൻ-വൈസ് പ്രസി., ഷാജി കുരുവിള-സെക്രട്ടറി, കെ.ജെ. ജോണ്സണ്, മിനി-ജോ.സെക്രട്ടറി എന്നിവരെ സമ്മേളനം തെരെഞ്ഞെടുത്തു.