മാന്നാർ: പരുമലയിലെ വഴിയോര കച്ചവടം സംബന്ധിച്ച തർക്കം രൂക്ഷമാകുന്നു. വഴിയോര കച്ചവടത്തിനെതിരെ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് രംഗത്ത് വന്നപ്പോൾ വഴിയോര കച്ചവടക്കാരുടെ സിഐറ്റിയു യൂണിയൻ കച്ചവടക്കാർക്ക് അനുകൂലമായ നിലപാടുമായി രംഗത്ത് എത്തി. 25-ഓളം കുടുംബങ്ങളാണ്് കഴിഞ്ഞ കുറെ വർഷമായി പരുമല പാലം മുതൽ പരുമല പള്ളി വരെയുള്ള റോഡിന്റെ ഇരു വശങ്ങളിലും ചെറിയ കച്ചവടങ്ങൾ ചെയ്ത് ഉപജീവനം നടത്തി വന്നിരുന്നത്.
എന്നാൽ വെള്ളിയാഴ്ച ദിവസങ്ങളിൽ മറ്റ് സ്ഥലങ്ങളിൽ നിന്നായി നൂറ് കണക്കിന് കച്ചവടക്കാർ വാഹനങ്ങളിലും മറ്റും എത്തി പച്ചക്കറി കച്ചവടം ഉൾപ്പടെയുള്ളവ തുടങ്ങിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. വാഹനങ്ങൾക്ക് പോലൂം കടന്ന് പോകുവാൻ കഴിയാത്ത വിധത്തിൽ ഗതാഗത തടസ്സസങ്ങളൾ പതിവാകുകയും അപകടങ്ങൾ ഉണ്ടാകുകയും പതിവായി.
വ്യാപകമായ എതിർപ്പാണ് ഇതിനെതിരെ ഉയർന്നത്. ഇതേ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ റോഡ് വക്കിലെ കച്ചവടം ഒഴിപ്പിക്കുകയും റോഡിന്റെ ഇരു വശങ്ങളിലും കച്ചവടം നിരോധിച്ച് കൊണ്ടുള്ള ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു.
ഇവിടെയെത്തുന്ന കച്ചവടക്കാർക്ക് ഒരു സ്വകാര്യ വ്യക്തിയുടെ വസ്തുവിൽ നിശ്ചിത ഫീസിൽ കച്ചവടം ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കി നൽകുകയും ചെയ്തു.എന്നാൽ വർഷങ്ങളായി ചെറിയ തോതിൽ കച്ചവടം നടത്തി വന്നിരുന്ന തദ്ദേശീയരായവരെ ഒഴിപ്പിക്കുവാൻ പാടില്ലെന്നും ചിലരെ സഹായിക്കുവാനാണ് കച്ചവടം ഒഴിപ്പിച്ചതെന്നും ചൂണ്ടികാട്ടി യൂണിയൻ രംഗത്ത് വരുകയായിരുന്നു.
സിപിഎം തിരുവല്ല ഏരിയാ കമ്മറ്റയിൽ യൂണിയന്റെ യോഗം വിളിച്ച് ചേർക്കുകയും ആർക്കും ശല്യമില്ലാത്ത രീതിയിൽ യൂണിയൻ അംഗങ്ങൾ കച്ചവടം തുടർന്ന് നടത്തുവാൻ തീരുമാനിക്കുകയും ചെയ്തു. പൊളിച്ച് നീക്കിയ ഷെഡുകൾ പുനസ്ഥാപിച്ച് യൂണിയന്റെ ബലത്തിൽ കച്ചവടം തുടങ്ങുകയും ചെയ്തു. ഏതെങ്കിലും തരത്തിലുള്ള എതിർപ്പ് പഞ്ചായത്ത് പ്രകടിപ്പിച്ചാൽ ശക്തമായി നേരിടുവാനാണ് യൂണിയന്റെ തീരുമാനം.