ഡൊമനിക് ജോസഫ്
മാന്നാർ: ഡബ്സ് മാഷിൽ തരംഗമായി മാറിയിരിക്കുകയാണ് ഒരു ‘കൊച്ചു’ കുടുംബം.പരുമല കൊച്ചു പറമ്പിൽ കൊച്ചു പരുമല കൊച്ചുമോനാണ് ഡബ്സ് മാഷിലൂടെയും ചെറിയ സ്കിറ്റുകളിലൂടെയും ജനഹൃദയങ്ങളിൽ ഇടം നേടിയത്.
കോവിഡ് ബോധവത്കരണവുമായി ബന്ധപ്പെട്ടാണ് ഡബ്സ് മാഷ് ആരംഭിച്ചത്. ഇത് ശ്രദ്ധിക്കപ്പെട്ടതോടെ ഗ്രാമ പഞ്ചായത്തും, ആരോഗ്യ വകുപ്പും, പോലീസും അവരുടെ ഫേസ് ബുക്ക് പേജുകളിലൂടെ പ്രചരിപ്പിച്ചതോടെ കൊച്ചു പരുമല എന്ന കലാകാരന്റെ ഈ രംഗത്തെ താരോദയം ആയിരുന്നു.
പിന്നീട് തിരിഞ്ഞു നോക്കേണ്ടാത്ത വിധത്തിൽ ഇയാളുടെ ഒരോ വീഡിയോകളും യൂട്യൂബിലും ഫേസ് ബുക്ക് പേജിലും തരംഗമായി.
അവതരണ ശൈലിയിലെ വ്യത്യസ്തതയും, ചെയ്യുന്ന കഥാപാത്രത്തിന്റെ വേഷവിധാനങ്ങളുമാണ് ഈ രംഗത്ത് കൊച്ചുവിനെ വ്യത്യസ്തനാക്കിയത്.
സിനിമാ താരങ്ങൾ കൂടാതെ കവികൾ, സ്പോർട്സ് താരങ്ങൾ, പാസ്റ്റർമാർ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഉൾപ്പെട്ട വരെ അവരുടെ വേഷങ്ങൾ അണിഞ്ഞ് അവതരിപ്പിക്കുന്നതിനാലാണ് പലതും വൈറൽ ആയി മാറിയത്.
തൂമ്പ, കുട്ടിയും ശിക്ഷയും എന്നീ കാലിക പ്രസക്തമായ സകിറ്റുകൾക്ക് ലഭിച്ച പ്രതികരണം വലുതാണ്. തൂമ്പ ഉപേക്ഷിച്ച മലയാളിയുടെ ദോഷവശങ്ങൾ തൂമ്പ തന്നെ പറയുന്ന അവതരണം ഏറെ ശ്രദ്ധേയമായി.
സ്കിറ്റുകൾ എഴുതുന്നതും അഭിനയിക്കുന്നതും ഇതിന് വേഷങ്ങൾ തെരഞ്ഞെടുക്കുന്നതും എഡിറ്റ് ചെയ്യുന്നതും ശബ്ദം നൽകുന്നതുമെല്ലാം ഈ കലാകാരൻ തന്നെ. സ്കിറ്റുകളിൽ ഭാര്യയും മകളും അഭിനയിക്കും.
കാമറ ചലിപ്പിക്കുന്നതും ഈ കൊച്ചു കുടുംബത്തിൽ പെട്ടവർ തന്നെയാണ്. തമാശയ്ക്ക് വേണ്ടി മാത്രമല്ല, ഈ യുവാവ് ഡബ്സ് മാഷ് ചെയ്യുന്നത്.
ഡബ്സ്മാഷ് വളരെ സീരിയസ് ആയി ഉൾക്കൊണ്ടുകൊണ്ട് തന്നെയാണ് പ്രേക്ഷക മനസുകളിൽ എത്തിച്ച് അവസാനം ഒരോ സന്ദേശം സമൂഹത്തിന് നൽകുന്നത് .
ചെറുപ്പം തൊട്ടു തന്നെ അഭിനയത്തിനും മിമിക്രിയിലും അനൗൺസ്മെന്റുകളിലും തന്റേ തായ കഴിവ് തെളിയിച്ച കലാകാരനാണ് കൊച്ചു പരുമല.
മലയാള സിനിമയിലെ വെള്ളിത്തിരയിൽ മലയാളത്തിലെ അഭിനയ ചക്രവർത്തി മാർ ആടിത്തിമിർത്ത സീനുകൾ അതേപടി അതിന്റെ ഭംഗി ഒട്ടും ചോരാതെ തന്നെ യൂട്യൂബ് ചാനലിൽ കൂടിയും തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയും ജനങ്ങളുടെ മുന്നിൽ എത്തിക്കുമ്പോൾ സിനിമാ അഭിനയ മോഹവും ഉള്ളിലുണ്ട്.
ഇതിലൂടെ ലഭിക്കുന്ന തുക പിതാവിന്റെ ശുശ്രൂഷയ്ക്കായി ഉപയോഗിക്കുന്നുവെന്നതാണ് ഏറെ പ്രത്യേകത. വർഷങ്ങളായി തളർന്ന് ചികിത്സയിൽ കഴിയുന്ന പിതാവ് കുഞ്ഞുകുട്ടിയെ ശുശ്രൂഷിക്കുകയും ചികിത്സാ മരുന്നുകളും മറ്റുമുള്ള ആവശ്യങ്ങൾക്കുമായി ഈ തുക ചെലവാക്കുന്നു .
ഇപ്പോൾ ഇദ്ദേഹത്തിന്റെ പരിപാടി കണ്ടു ചില സ്പോൺസർമാരും വന്നിട്ടുണ്ട്. കൊച്ചു പരുമല എന്ന യൂട്യൂബ് ചാനലിലൂടെ നിരവധി സാമൂഹ്യ സന്ദേശങ്ങൾ ഉള്ള വീഡിയോകൾ ഉള്ളതിനാലാണ് കൂടുതലായി ഇതിനോടകം തന്നെ പ്രേക്ഷകർ ഇത് ഏറ്റെടുത്തത്.
ഇതിനോടകം നൂറോളം ഡബ്സ്മാഷുകളും 10 ഓളം സ്കിറ്റുകളും അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ പരുമല തിരുമേനിയുടെ ചില ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ഭാര്യ സോണി. മകൾ: മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ആൻ മേരി എന്നിവർ എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്.