മാന്നാർ: പരുമലയിൽ അശ്ലീകരവും വ്യക്തിഹത്യ നടത്തി അപകീർത്തിപെടുത്തുന്ന തരത്തിലുമുളള നോട്ടീസ് ഇറക്കുന്നത് പതിവാകുന്നു. പരുമല എട്ട്, ഒന്പത് വാർഡുകളിലാണ് സ്ഥിരമായി ഇത്തരം നോട്ടീസുകൾ പ്രചരിക്കുന്നത്. വീട്ടമ്മ, രാഷ്ട്രീയക്കാർ, ജനപ്രതിനിധികൾ, വിവാഹം നിശ്ചയിച്ച യുവതീയുവാക്കൾ എന്നിവർക്കെതിരെയാണ് സിഥരമായി നോട്ടീസുകൾ പ്രചരിക്കുന്നത്.
അടുത്ത നാളിൽ ഒരു വീട്ടമ്മയ്ക്കെതിരെ അശ്ലീലകരവും കേട്ടാൽ അറയ്ക്കുന്നതുമായ തരത്തിൽ നോട്ടീസ് പ്രചരിച്ചു. പഞ്ചായത്ത് പ്രസിഡന്റ്, മെന്പർ എന്നിവർക്കെതിരെ അപകീർത്തികരമായ നോട്ടീസ് പ്രചരിച്ചത് രണ്ടാഴ്ച മുന്പാണ്.
മരിക്കാത്ത ആളുടെ ഫോട്ടോ വച്ച് ഫ്ലെക്സ് അടിച്ച് വച്ച സംഭവവും പരുമലയിൽ നടന്നിട്ടുണ്ട്. രാത്രിയുടെ മറവിൽ നാട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ വേണ്ടിയും വ്യക്തി വിരോധങ്ങൾ തീർക്കാനും മറ്റുമായിട്ടാണ് ഇത്തരം നോട്ടീസുകൾ ഇറക്കുന്നതത്രേ. ഇത്തരം നോട്ടീസുകൾ പ്രചരിക്കുന്പോൾ പോലീസിൽ പരാതി നൽകാറുണ്ടെങ്കിലും കാര്യമായ അന്വേഷണങ്ങൾ നടക്കാത്തത് വീണ്ടും നോട്ടീസ് പ്രചരിക്കാൻ കാരണമാകുന്നു.
വീട്ടമ്മയെ അപകീർത്തിപെടുത്തുന്ന തരത്തിൽ അടുത്ത നാളിൽ ഇറങ്ങിയ നോട്ടീസ് സംബന്ധിച്ചും പുളിക്കീഴ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു.