മാന്നാർ:പരുമല പെരുന്നാളിന് കൊടിയേറുവാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ തീർത്ഥാടന വഴികൾ കുണ്ടും കുഴിയുമായി കിടക്കുകയാണ്.പരുമലയിലേക്കുള്ള എല്ലാ വഴികളും ഒരു പോലെ ഗതാഗത യോഗ്യമല്ലാത്ത രീതിയിലാണ്.പരുമലയ്ക്കുളളിലെ റോഡുകളും തകർന്ന് സഞ്ചാരയോഗ്യമല്ലാതായി കിടക്കുന്നു.
പരുമല തീർത്ഥാടകർ എറ്റവും കൂടുതൽ ഉപയോഗിക്കുന്ന വഴികളിലൊന്നാണ് കായംകുളം-തിരുവല്ല സംസ്ഥാന പാത.ഈ പാതയിൽ വൻ ഗർത്തങ്ങളാണ് പലയിടങ്ങളിലും ഉള്ളത്. വാഹനങ്ങൾ ഈ കുഴികളിലൂടെ കയറിയിറങ്ങുവാൻ തന്നെ വലിയ പ്രയാസമാണ്.തിരുവല്ല-മാന്നാർ റോഡിലും കുഴികൾ ഏറെയാണ്.പലപ്പോഴും കുഴികൾ കാരണം മണിക്കൂറുകൾ തന്നെ ഗതാഗതകുരുക്ക് അനുഭവപ്പെടാറുണ്ട്.
തീർത്ഥാടന സമയത്ത് ഈ റോഡുകൾ ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടും.കാവുംഭാഗം-ഇടിഞ്ഞില്ലം,കാവുംഭാഗം-മുത്തൂർ എന്നീ റോഡുകളും തീർത്ഥാടകർ ഉപയോഗിക്കുന്നവയാണ്. ഈ രണ്ട് റോഡുകളും തകർന്നടിഞ്ഞ് കിടക്കുകയാണ്. മാന്നാർ-പരുമല-ചെങ്ങന്നൂർ,മാന്നാർ-ബുധനൂർ-ചെങ്ങന്നൂർ റോഡിലും കുഴി അടയ്ക്കൽ നടത്തേണ്ടിയിരിക്കുന്നു.
മാന്നാർ-പാവുക്കര-വീയപുരം റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുന്നുണ്ടെങ്കിലും പെരുന്നാളിന് മുന്പ് തീരുവാനുള്ള സാധ്യത കുറവാണ്.പരുമല പള്ളിയോട് ചേർന്ന് കിടക്കുന്ന രണ്ട് റോഡുകളാണ് പരുമല പള്ളി-പനയന്നാർകാവ് റോഡും,ആശുപത്രി-കോട്ടയ്ക്കമാലി റോഡും.ഈ രണ്ട് റോഡുകളും തീർത്ഥാടകർ ഉപയോഗിക്കുന്നവയാണ്.
മാന്നാർ ടൗണിലെ തിരക്ക് കുറയ്ക്കുവാൻ വേണ്ടി മാവേലിക്കര,ചെങ്ങന്നൂർ ഭാഗങ്ങളിൽ നിന്നെത്തുന്ന പദയാത്രികരെ ഈ റോഡിലൂടെയാണ് വിടുന്നത്. എന്നാൽ കോട്ടയ്ക്കമാലി പാലത്തിന്റെ കൈവരികൾ തകർന്നിട്ട് മാസങ്ങൾ ആയി.പാലത്തിന് ബലക്ഷയവും ഉണ്ട്.ഇതിന്റെ അപ്രോച്ച് റോഡ് പൂർണ്ണമായും തകർന്ന കിടക്കുകയാണ്.തീർത്ഥാടകർക്ക് വലിയ തിരക്കില്ലാതെ വരാവുന്ന ഈ റോഡിന്റെ നിർമ്മാണങ്ങൾ ഇനിയും തുടങ്ങിയിട്ടില്ല.