
മാന്നാർ: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ 75 കീലോമീറ്റർ ദൂരം 45 മിനിട്ടു കൊണ്ട് ആശുപത്രിയിൽ എത്തിച്ച ആംബുലൻസ് ഡ്രൈവർക്ക് നാടിന്റെ ആദരവ്.
ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് മാന്നാർ കുട്ടംപേരൂർ ഗാർഗിയിൽ രാജേന്ദ്രന്റെ മകൻ രാഹൂലി(27)ന് ബുധനൂർ ഇലഞ്ഞിമേലിൽ ബൈക്കപകടം ഉണ്ടായത്.
ഉടൻ പരുമല ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രാഥമിക ശുശ്രൂഷകൾക്ക് വൈക്കം ഇൻഡോ-അമേരിക്കൻ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
വൈകുന്നേരം 4.15 ഓടെ പരുമല ആശുപത്രിയിൽ നിന്ന് തിരിച്ച ആംബുലൻസ് രാഹൂലുമായി വൈകുന്നേരം അഞ്ചായപ്പോൾ ഡ്രൈവറുടെ കൃത്യതയാർന്ന ഡ്രൈവിംഗിലൂടെ വൈക്കത്ത് ആശുപത്രിയിൽ എത്തിക്കുവാൻ കഴിഞ്ഞു.
കൃത്യസമയത്ത് എത്തിക്കുവാൻ കഴിഞ്ഞതിനാൽ തുടർ ചികിത്സ ലഭ്യമാക്കി രോഗി അപകടനില തരണം ചെയ്തു വരുന്നു.
പരുമല ആശുപത്രിയിലെ അംബുലൻസ് ഡ്രൈവർ പരുമല ചെട്ടിയാകുളത്ത് ആനന്ദ(45)ന്റെ സമയോചിതവും സൂക്ഷ്മവുമായ ഡ്രൈവിംഗിലൂടെയാണ് ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്.
വൈകുന്നേരമായതിനാൽ പരുമല മുതൽ റോഡിൽ ഏറെ തിരക്കുള്ള സമയമാണ്. ഇത് മുന്നിൽ കണ്ട് മാന്നാർ എമർജൻസി റെസ്ക്യൂ ടീം വേണ്ട ക്രമീകരണങ്ങൾ ചെയ്ത് നൽകി.
പരുമല മുതൽ വൈക്കം വരെയുള്ള പോലീസിനെയും ഉൾപെടുത്തി ഒരു വാട്സ്അപ്പ് ഗ്രൂപ്പ് ഉണ്ടാക്കി സന്ദേശങ്ങൾ കൈമാറിയാണ് റോഡിലെ ഗതാഗത ക്രമീകരണങ്ങൾ നടത്തിയത്.
കോട്ടയം കേന്ദ്രീകരിച്ചുള്ള ഓൾ കേരളാ എമർജൻസി മിഷൻ സപ്പോർട്ട് എന്ന സംഘടനയും സഹായങ്ങളുമായി എത്തി. ഒരു യുവാവിന്റെ ജീവൻ രക്ഷിക്കുവാൻ കഠിന പ്രയത്നം നടത്തിയ ഡ്രൈവർ ആനന്ദനെ പരുമല റെഡ്സ്റ്റാർ കലാസാംസ്കാരിക വേദി അനുമോദിച്ചു.