നെന്മാറ: ബൈക്കുകളിലെ പെട്ടിതുറന്ന് മോഷണം നടത്തിവന്ന കുപ്രസിദ്ധ പ്രതി പിടിയിൽ. വടക്കഞ്ചേരി വള്ളിയോട് വാടകവീട്ടിൽ താമസിക്കുന്ന ചാലിയിൽവീട്ടിൽ റോയിച്ചൻ എന്ന പരുന്ത് റോയിച്ചനെ (44) പൊലീസ് സാഹസികമായി പിടികൂടി. നെന്മാറ പോലീസ് രജിസ്റ്റർ ചെയ്ത ആറുകേസുകളിൽ ആകെ നഷ്ടപ്പെട്ടതായി കണക്കാക്കിയത് ഏകദേശം 20 ലക്ഷം രൂപയും ആറുപവൻ സ്വർണവുമാണ്. ബാങ്കുകൾ, ട്രഷറികൾ, എടിഎം എന്നിവയിൽ നിന്നും പണമെടുത്തുവരുന്ന ബൈക്ക് യാത്രക്കാരെ ലക്ഷ്യമിട്ടായിരുന്നു മോഷണം. നിമിഷനേരംകൊണ്ട് ബൈക്കുകളിലെ പെട്ടികൾ അതിവിദഗ്ധമായി തുറന്നായിരുന്നു മോഷണങ്ങൾ.
അയിലൂർ തലവെട്ടാംപാറ തീപ്പെട്ടി കന്പനി ജീവനക്കാരൻ വിനോദ്കുമാർ, വല്ലങ്ങിയിലെ അരിവ്യാപാരി അടിപ്പെരണ്ട എ. അബ്ദുൾറഹീം എന്നിവരുടെ പരാതിയിലെ അന്വേഷണമാണ് കേസിനു തുന്പുണ്ടാക്കിയത്. കഴി ഞ്ഞ ഒന്പതിന് വിനോദ്കുമാർ നെന്മാറ എസ്ബിഐയിൽ നിന്നു പിൻവലിച്ച 1,50,000 രൂപ ബൈക്കിലെ പെട്ടിയിൽ സൂക്ഷിച്ചിരുന്നു. തുടർന്ന് വല്ലങ്ങിയിൽപോയി തിരിച്ചു കന്പനിയിലെത്തി.
വിനോദ്കുമാർ ഓഫീസിൽ കയറി തിരിച്ചിറങ്ങിയപ്പോൾ പണം നഷ്ടപ്പെട്ടിരുന്നു. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ജനുവരിയിൽ നെ ന്മാറ ഫെഡറൽ ബാങ്കിൽനിന്ന് അബ്ദുൾ റഹീം പിൻവലിച്ച 1,21,000 രൂപയും സമാനമായി കവർന്നു. ഈ രണ്ടു കേസുകളുമായി ബന്ധപ്പെട്ട് മഫ്ടിപൊലീസിന്റെ നിരീക്ഷണം ശക്തമാക്കി. ടൗണുകളിലെ സിസി ടിവികളിൽ നിന്നും ലഭിച്ച ദൃശ്യങ്ങളിൽനിന്ന് പണം നഷ്ടപ്പെട്ടവരുടെ ബൈക്കുകൾക്കൊപ്പം പ്രതിയുടെ ചിത്രം ശ്രദ്ധയിൽപെട്ടതോടെ ഇയാൾക്കായുള്ള അന്വേഷണം ഉൗർജിതമാക്കി.
ഇന്നലെ രാവിലെ നെന്മാറയിലെത്തിയ പ്രതിയെ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനു സമീപത്തുനിന്ന് പൊലീസ് പിന്തുടർന്നു പിടിക്കുകയാ യിരുന്നു. പ്രതിയുടെ കൈവശമുണ്ടായിരുന്ന 9,000 രൂപയും കംപ്യൂട്ടർ, ബൈക്ക്, മോഷണത്തിന് ഉപയോഗിച്ചുവന്ന ഉപകരണങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. 2012 മുതൽ നിരവധി മോഷണകേസുകളിലെ പ്രതിയാണ് റോയിച്ചൻ. തൃശൂർ ഈസ്റ്റ്, വെസ്റ്റ്, ഒല്ലൂർ, കുന്നംകുളം, വിയ്യൂർ, പെരുന്പാവൂർ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്.
തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് അന്പതോളം മൊബൈലുകളും സ്ത്രീകളുടെ ബാഗുകളിൽനിന്ന് സ്വർണാഭരണവും മോഷണം പോയ കേസുകളിൽ ഇയാൾ ജയിൽശിക്ഷ അനുഭവിച്ചിരുന്നു. 2012 മുതൽ വടക്കഞ്ചേരി കേന്ദ്രീകരിച്ചായിരുന്നു മോഷണം.
വുഡ്ലാൻഡ്സ് ഹോട്ടലിനു മുന്നിൽ നിർത്തിയിരുന്ന ബൈക്കിൽനിന്ന് ആറു ലക്ഷം രൂപയും, ഡയാനഹോട്ടലിനു മുന്നിൽ നിർത്തിയിട്ട ബൈക്കിൽനിന്നു രണ്ടര ലക്ഷം രൂപയും മോഷണം നടത്തിയതായി പ്രതി പോലീസിനു മൊഴിനൽകി.
ജില്ലാ പോലീസ് മേധാവി, ഡിവൈഎസ്പി ഷംസുദ്ദീൻ എന്നിവരുടെ നിർദേശപ്രകാരം സിഐ ടി.എൻ. ഉണ്ണികൃഷ്ണൻ, എസ്ഐ ശിവപ്രകാശ്, ക്രൈംസ്ക്വാഡ് അംഗങ്ങളായ സുനിൽകുമാർ, റഹീം മുത്തു, സന്ദീപ്, സൂരജ് ബാബു, കൃഷ്ണദാസ്, ദിലീപ്, എഎസ്ഐ സക്കീർഹുസൈൻ, അനന്തകൃഷ്ണൻ, ബാബു, സുഭാഷ് തുടങ്ങിയവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.