ചിങ്ങവനം: ടാറിംഗ് കഴിഞ്ഞു മാസങ്ങളായിട്ടും റോഡരികിലെ അപകടകരമായ കുഴി നികത്താതെ കരാറുകാരൻ.
രണ്ടര കിലോമീറ്ററോളം വരുന്ന പരുത്തുംപാറ പനച്ചിക്കാട് ക്ഷേത്രം റോഡിലാണു കാൽ നടയാത്രക്കാരെ വരെ വീഴ്ത്താൻ പാകത്തിൽ കുഴി.
ആധുനീക രീതിയിൽ ടാറിംഗ് നടത്തിയ റോഡ് പഴയ നിരപ്പിൽനിന്ന് ഒരടിയോളം പൊക്കിയിരുന്നു. ടാറിംഗിനുശേഷം ഇപ്പോൾ റോഡിന്റെ വശങ്ങൾ പലയിടത്തും ഒരടിയോളം താഴ്ന്നു കിടക്കുകയാണ്.
ഇതുമൂലം വാഹനങ്ങൾ സൈഡ് കൊടുക്കുന്പോഴും ഓവർ ടേക്ക് ചെയ്യുന്പോഴും കുഴിയിൽ വീഴുന്നത് നിത്യസംഭവമാകുകയാണ്. വലിയ വാഹനങ്ങൾ എതിരെ വരുന്പോൾ ഇരുചക്രവാഹന യാത്രക്കാർക്കാണു ഏറെ ബുദ്ധിമുട്ട്.
രാത്രി കാലങ്ങളിൽ കാൽ നടയാത്രക്കാർ കാലുതെറ്റി കുഴിയിൽ വീഴുന്നതും പതിവാണ്. ടാറിംഗ് പൂർത്തിയായശേഷം ഇരുവശവും മണ്ണിട്ട് പൊക്കി കോണ്ക്രീറ്റ് ചെയ്യുകയാണു പതിവ്.
ഈ റോഡിൽ ടാറിംഗ് കഴിഞ്ഞു മാസങ്ങളായിട്ടും കരാറുകാരൻ തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.