കോട്ടയം: സിനിമാ പ്രേമികളെ ആവേശത്തിലാക്കി കുഞ്ചാക്കോ ബോബനും പാർവതിയും കോട്ടയം ആനന്ദ് തിയറ്ററിലെത്തി. ഇരുവരും ഒരുമിച്ചഭിനയിച്ച ടേക്ക് ഓഫ് എന്ന സിനിമയുടെ പ്രചരണാർഥമാണു താരങ്ങൾ തിയറ്ററിലെത്തിയത്.
രാവിലെ 11ന് അപ്രതീക്ഷിതമായി തിയറ്ററിലെത്തിയ താരങ്ങളെ കണ്ടു സിനിമാപ്രേമികൾ ആവേശഭരിതരായി. തുടർന്ന് ഇരുവരും ചേർന്ന് തിയറ്ററിൽ സിനിമയുടെ ആദ്യപ്രദർശനം കണ്ടു. ഇതിനോടകം താരങ്ങളെത്തിയ വാർതയറിഞ്ഞു നിരവധിപേർ തിയറ്ററിനു മുന്പിൽ തടിച്ചുകൂടി.
സിനിമ കണ്ടിറങ്ങിയ കുഞ്ചാക്കോ ബോബനെയും പാർവതിയെയും പ്രേക്ഷകർ സന്തോഷപൂർവം സ്വീകരിച്ചു. പ്രേക്ഷകരുടെ പ്രതികരണങ്ങൾ നേരിട്ടറിഞ്ഞ താരങ്ങൾ അവർക്കൊപ്പംനിന്നു സെൽഫിയെടുക്കാനും മറന്നില്ല. ടേക്ക് ഓഫ് എന്ന സിനിമയുടെ സംവിധായകൻ മഹേഷ് നാരായണനും സാങ്കേതികപ്രവർത്തകരും സിനിമാ കാണാൻ എത്തിയിരുന്നു.
യഥാർഥ കഥയെ ആസ്പദമാക്കി പുറത്തിറങ്ങിയ സിനിമയെ പ്രേക്ഷകർ നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്. അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളയുടെ ഓർമയ്ക്കായിട്ടാണ് സിനിമ പുറത്തിറക്കിയതെന്നു സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞു.