ഡബ്ലുസിസി എന്ന സംഘടനയിൽ പ്രവർത്തിക്കുവാൻ ആരംഭിച്ചതു മുതൽ സിനിമയിൽ അവസരം കുറഞ്ഞതായി നടി പാർവതി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഡബ്ല്യൂസിസിയുമായി ബന്ധപ്പെട്ടതു മുതൽ തങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും തങ്ങളോട് സംസാരിക്കുന്നതിനു പോലും മറ്റുള്ളവർ വിലക്ക് കൽപ്പിച്ചിരിക്കുകയാണെന്നും ഒരു സിനിമ മാത്രമാണ് കൈയിലുള്ളതെന്നുമായിരുന്നു പാർവതി പറഞ്ഞത്.
ഇപ്പോഴിത പാർവതിയുടെ വെളിപ്പടുത്തലുകളെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ സനൽ കുമാർ ശശിധരൻ. തന്റെ സിനിമയിൽ അഭിനയിക്കുന്ന കാര്യവുമായി ബന്ധപ്പെട്ട് പാർവതിയെ സമീപിച്ചപ്പോൾ അവരുടെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവുമുണ്ടായില്ല.
സൂപ്പർ താര ഫാൻസ് അസോസിയേഷനുകൾക്ക് എതിരെയും സിനിമയിലെ ആണധികാരക്രമങ്ങൾക്കെതിരെയും പടപൊരുതുന്ന ആളുകൾ അവസരം കുറഞ്ഞു, പ്രോജക്ട് കിട്ടുന്നില്ല എന്നൊക്കെ കുറ്റപ്പെടുത്തുന്പോൾ അവർ ഉദ്ദേശിക്കുന്നത് സൂപ്പർതാര ആണധികാര സിനിമകളിൽ അവസരം കിട്ടുന്നില്ല എന്നാണോ എന്നു സ്വാഭാവികമായി സംശയം തോന്നുമെന്നുമാണ് സനൽകുമാർ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നത്.