മുക്കം: ഇന്ന് ലോക വനിതാ ദിനം. ദിനാചരണങ്ങൾ മുറതെറ്റാതെ നടക്കുമ്പോഴും ഇവിടെ ഒരമ്മ ഉറങ്ങാതെ കാവലിരിക്കുകയാണ് തന്റെ മകൾക്കായി. കാരശേരി ഗ്രാമപഞ്ചായത്തിലെ പുതിയോത്ത് താഴത്ത് പാർവതിയാണ് വീടെന്ന് പറയാനാവാത്ത ഈ ഓലപ്പുരയ്ക്കുള്ളിൽ വർഷങ്ങളായി ഭീതിയോടെ കഴിയുന്നത്.
വർഷങ്ങൾക്ക് മുന്‍പ് ഭർത്താവ് ഉപേക്ഷിച്ച പാർവതിക്ക് രണ്ട് മക്കളാണ്. 18 കാരൻ ബബിത്ത്, പ്ലസ് വണ്‍ വിദ്യാർത്ഥി അശ്വതി. നിരവധി രോഗങ്ങൾ അലട്ടുന്ന പാർവതി തന്നാലാവുന്ന ജോലി ചെയ്താണ് മക്കളെ പോറ്റിയതും അവരെ പഠിപ്പിച്ചതും. എന്നാൽ പണിക്ക് പോകാൻ വയ്യാതായതോടെ മൂത്ത മകൻ പഠിപ്പു നിർത്തി കുടുംബഭാരം ഏറ്റെടുക്കേണ്ടി വന്നു. ഈ 18കാരന്റെ ചുമലിലാണിപ്പോൾ ഈ കുടുംബത്തിന്റെ ചിലവും പെങ്ങളുടെ പഠനത്തിന്റെ ഉത്തരവാദിത്തവും.
ഇവർ താമസിക്കുന്ന ഈ കൂരമാത്രം കണ്ടാൽ മതി ഈ കുടുംബത്തിന്റെ ദാരിദ്യം മനസിലാക്കാൻ. കുറച്ച് മണ്‍കട്ടകൾ അടുക്കിവച്ച് അതിന് മുകളിൽ ഓല കൊണ്ട് മേഞ്ഞ ഒറ്റമുറി വീട്. മഴക്കാലമായാൽ ചോർച്ച കാരണം കിടക്കാൻ കഴിയില്ല. വീടിന് ചുമരുകളും ഓലകൊണ്ട് തന്നെ. ഓല കീറിയ മേൽക്കൂരക്ക് താങ്ങായി പ്ലാസ്റ്റിക് ഷീറ്റുകളും ചാക്കുകളും മറതീർത്തിരിക്കുന്നു. ഭക്ഷണമുണ്ടാക്കാനായി ആകെയുള്ള അടുപ്പിന് മുകളിൽ മഴയെ പ്രതിരോധിക്കാനെന്ന തരത്തിൽ ഫ്ളക്സ് ഷീറ്റ് വലിച്ചുകെട്ടിയിരിക്കുന്നു.
വെറും രണ്ടുദിവസം മാത്രംപെയ്ത മഴവെള്ളം വിടിന് മുകളിൽ കെട്ടിക്കിടക്കുന്നതും കാണാം. ഒരു വാതിൽ പോലുമില്ലാത്ത ഈ കൂരയിലാണ് ഈ അമ്മ തന്റെ മകളുമായി ഭയത്തോടെ കഴിയുന്നത്. സാമൂഹ്യ വിരുദ്ധരിൽ നിന്നും മൃഗങ്ങളിൽ നിന്നും മക്കൾക്ക് രക്ഷതേടി ഈ അമ്മ ഉറങ്ങാതെ കഴിയുകയാണിവിടെ. ഭവനരഹിതർക്ക് വീടു നിർമ്മിക്കുന്നതിനായി നിരവധി പദ്ധതികൾ നടപ്പാക്കുന്നു എന്നു പറയുന്ന നമ്മുടെ നാട്ടിലാണ് ഒരമ്മ ഈ ദുരിതം സഹിച്ച് കഴിയുന്നത്.
വനിതാ ദിനങ്ങൾ ആഘോഷമാകുന്ന നമ്മുടെ നാട്ടിൽ ഇത്തരം പ്രദേശങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ തയ്യാറായാൽ ഈ അമ്മയെ പോലുള്ളവർക്ക് ഒരു കിടപ്പാടം നൽകാൻ തയ്യാറായാൽ ആഘോഷങ്ങൾ അർത്ഥവത്താവും തീർച്ച. ജനങ്ങൾ അധികാരത്തിലേറ്റിയഭരണകൂടവും ഇത് കണ്ടില്ലന്ന് നടിക്കരുത്.