കൊച്ചി: ബംഗളൂരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാന്‍ താരസംഘടനയായ അമ്മ. കൊച്ചിയില്‍ നടന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.
അതേസമയം അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ ബിനീഷിനെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന ഒരുവിഭാഗത്തിന്റെ ആവശ്യത്തെ നടന്മാരും ഇടത് എംഎല്‍എമാരുമായ മുകേഷും ഗണേഷ്കുമാറും ശക്തമായി എതിര്‍ത്തതായാണ് സൂചന.
സംഘടനയില്‍ രണ്ടു നീതി പാടില്ലെന്നും ദിലീപിനെ പുറത്താക്കിയ അമ്മ ബിനീഷിനെയും പുറത്താക്കണമെന്നുമായിരുന്നു നടിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം.
അതേസമയം, ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെ നടപടി വേണ്ടെന്നും എക്സിക്യൂട്ടീവ് തീരുമാനിച്ചു.
ഇടവേള ബാബുവിനെതിരെ രേവതി, പത്മപ്രിയ എന്നിവര്‍ നല്കിയ കത്ത് യോഗത്തില്‍ വിശദമായ ചര്‍ച്ചയ്ക്ക് വിധേയമായി. പാര്‍വതി നല്കിയ രാജിക്കത്ത് പരിഗണിച്ച യോഗം രാജി സ്വീകരിച്ചു.
സംഘടനയുടെ സാമ്പത്തിക ഭദ്രതയ്ക്കായി പുതിയതായി നിര്‍മിക്കാനിരിക്കുന്ന സിനിമയുടെ പ്രാഥമിക ചര്‍ച്ചകളും യോഗത്തില്‍ നടന്നു. അംഗങ്ങളുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് അഞ്ചു ലക്ഷവും അപകട മരണ ഇന്‍ഷ്വറന്‍സ് 12 ലക്ഷവുമായി ഉയര്‍ത്താനും യോഗത്തില്‍ തീരുമാനമായി.