താരങ്ങളുടെ കുട്ടിക്കാലത്തെ ചിത്രങ്ങൾ പ്രേക്ഷകർക്ക് കൗതുകമുള്ള കാഴ്ചകളാണ്. മുതിർന്നതിനു ശേഷം കാമറയ്ക്കു മുൻപിൽ വിസ്മയകരമായ പ്രകടനം കാഴ്ച വയ്ക്കുന്ന താരങ്ങൾ വർഷങ്ങൾക്കു മുൻപ് കാമറയ്ക്കു മുൻപിൽ എങ്ങനെയായിരുന്നു എന്ന് അറിയാനുള്ള ആകാംക്ഷ!
കുട്ടിക്കാലത്ത് കാമറ കണ്ടാൽ തന്നെ പേടിച്ചു കരഞ്ഞിരുന്ന ഒരാളായിരുന്നു താനെന്ന് വെളിപ്പെടുത്തുകയാണ് നടി പാർവതി തിരുവോത്ത്. രസകരമായ ഒരു ചിത്രം പങ്കുവച്ചാണ് പാർവതിയുടെ കുറിപ്പ്.
കാമറയെ എനിക്ക് ഭയമായിരുന്നു. കാമറ കണ്ടാൽ പിന്നെ കരച്ചിൽ നിർത്താനേ കഴിയില്ല. എന്റെ അടുത്തേക്കു നീണ്ടു വരുന്ന ഒരു വിചിത്രമായ കണ്ണിനെപ്പോലെയാണ് ലെൻസ് കാണു ന്പോൾ തോന്നുക. നിരവധി പരാജയപ്പെട്ട ശ്രമങ്ങൾക്കൊടുവിൽ ധൈര്യം സംഭരിച്ച്, അമ്മയെ പറ്റിച്ചേർന്നു നിൽക്കുന്നത് വിട്ട് കാമറയ്ക്കു മുൻപിൽ ഞാൻ നിന്നു.
ഒറ്റയ്ക്ക്! കണ്ണു വലുതായി തുറന്നു പിടിച്ച്… മരവിച്ച്… പിന്നോട്ട് പോകില്ലെന്നുറച്ച്… എങ്ങനെയാണ് ആ ചിരി അവിടെ കയറി വന്നത്? സുഹൃത്തുക്കളെ… ഞാൻ പറ്റിക്കപ്പെടുകയായിരുന്നു. കാമറ നോക്കി ചിരിച്ചാൽ നിഗൂഢത നിറഞ്ഞ ആ കണ്ണിൽ നിന്ന് ജെംസ് മിഠായി വരുമെന്ന് അവർ എന്നോട് പറഞ്ഞു.
ജെംസും വന്നില്ല, ഒരു കുന്തോം വന്നില്ല. ഒരു വിചിത്ര ചിരിയുമായി ഞാൻ അവിടെ പ്ലിങ്ങി നിന്നു! അന്നത്തെ ആ ഫോട്ടോ എടുപ്പിനെക്കുറിച്ചുള്ള മങ്ങിയ ഓർമകൾ ഇപ്പോഴുമുണ്ട്. ആ ഉടുപ്പ് മിസ് ചെയ്യാറുണ്ട്.
അന്നത്തെ ഫോട്ടോയിലെ ആ ചിരി, പിന്നീടും ഇടയ്ക്ക് മുഖത്ത് വരാറുണ്ട്. അതീവ ധൈര്യശാലിയായി നിൽക്കേണ്ടി വരുന്പോൾ മുഖത്തു വരുന്ന വിചിത്രമായ ഈ ഭാവപ്രകടനം ചെറുപ്പത്തിലേ പഠിച്ചെടുത്തതാണ്- പാർവതി പറയുന്നു.
ഇളം പച്ച നിറത്തിൽ പൂക്കളുള്ള ഉടുപ്പിട്ടാണ് പാർവതിയുടെ നിൽപ്പ്. പാർവതിയുടെ ചിത്രവും എഴുത്തും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. വിചിത്രമായ ചിരിയാണെങ്കിലും സംഗതി ക്യൂട്ടാണെന്നാണ് ആരാധകരുടെ കമന്റ്.
അന്നും ഇന്നും ആ കണ്ണുകൾക്ക് മാറ്റമില്ലെന്നും ആരാധകർ കണ്ടെത്തി. കാമറ കണ്ടാൽ പേടിച്ച് കരഞ്ഞിരുന്ന വ്യക്തി ഇന്നു കാമറയ്ക്കു മുൻപിൽ വിസ്മയകരമാ പ്രകടനം കാഴ്ച വയ്ക്കുന്നത് തികച്ചും പ്രചോദനകരമായ മാറ്റമാണെന്നും ആരാധകർ പ്രതികരിച്ചു.