തൃശൂർ: മണപ്പുറം സ്ഥാപകൻ വി.സി.പത്മനാഭന്റെ പേരിൽ ലഭിച്ച അവാർഡ് ജീവിതത്തിൽ മറക്കാനാകാത്തതാണെന്ന് മുൻ രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ പി.ജെ.കുര്യൻ. അവാർഡ് തുകയായ അഞ്ചു ലക്ഷം രൂപ പാവങ്ങൾക്കായി തിരുവല്ലയിൽ ഏർപ്പെടുത്തിയ ഡയാലിസിസ് യൂണിറ്റിനു നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
അവാർഡ് ഏറ്റുവാങ്ങിയ ജഗതി ശ്രീകുമാറിനുവേണ്ടി മകൾ പാർവതിയാണ് മറുപടിപ്രസംഗം നടത്തിയത്. ഇതുവരെ സംസ്ഥാന സർക്കാരടക്കം നൽകാത്ത വലിയ ആദരമാണ് ആദ്യമായി ജഗതി ശ്രീകുമാറിനു ലഭിക്കുന്നതെന്നു പാർവതി പറഞ്ഞു. അർഹതയുണ്ടായിട്ടും സർക്കാരിന്റെ ഉന്നത അംഗീകാരമായ പത്മ പുരസ്കാരങ്ങൾക്കു ജഗതി ശ്രീകുമാറിനെ ഇതുവരെ പരിഗണിച്ചിട്ടില്ല.
മികവ് തെളിയിച്ച കലാകാരന്മാർക്ക് അർഹിക്കുന്ന അംഗീകാരം നൽകുന്നതിൽ സർക്കാർ സത്യസന്ധത കാണിക്കുന്നില്ലെന്നും പാർവതി ആരോപിച്ചു.വീൽചെയറിലാണ് ജഗതിയെ വേദിയിൽ എത്തിച്ചത്. തന്നെക്കുറിച്ച് പറയുന്പോൾ ജഗതി ശ്രീകുമാർ കൈയുയർത്തി പ്രതികരിക്കുന്നുണ്ടായിരുന്നു.
അവാർഡ് ഏറ്റുവാങ്ങാൻ വൃക്ഷമാതാവെന്നു വിളിക്കുന്ന 108 വയസുള്ള സാലുമാരട തിമ്മക്കയുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമായി. എണ്ണായിരത്തിലധികം വൃക്ഷങ്ങൾ വച്ചുപിടിപ്പിച്ച ഇവരെ രാജ്യം നേരത്തെ പത്മശ്രീ നൽകി ആദരിച്ചിരുന്നു.