മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ സ്വകാര്യതയിലേയ്ക്ക് ആവശ്യമില്ലാതെ കടന്നുവരുന്നുവെന്ന പരാതി ഒട്ടുമിക്ക സിനിമാതാരങ്ങളും ഉന്നയിക്കുന്നതാണ്. ഇപ്പോഴിതാ മലയാള സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നുകൂടി അറിയപ്പെടുന്ന പാര്‍വതി കേരളത്തിലെ ചില മാധ്യമങ്ങള്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പാര്‍വതി ചില ഓണ്‍ലൈന്‍ സൈറ്റുകള്‍ക്കെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
മാധ്യമങ്ങളോട്, ധാര്‍മ്മികത അല്ലെങ്കില്‍ വര്‍ക്ക് എത്തിക്സ് എന്നതുകൊണ്ട് നിങ്ങള്‍ എന്താണ് അര്‍ത്ഥമാക്കുന്നത്. ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് എന്റെ പ്രതിഫലം എത്രയാണെന്ന് ഞാനൊരു ചാനലിലും പത്രത്തിനും നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയതായി എനിക്കോര്‍മ്മയില്ല. എന്റെ പ്രതിഫലമെത്രയാണെന്ന് ചോദിച്ചുകൊണ്ട് ഇപ്പറഞ്ഞവരാരും എന്നെ വിളിച്ചിട്ടുമില്ല. എന്നാല്‍ ചില വെബ്സൈറ്റുകളും ചാനലുകളും (ഫിലിമിബീറ്റ്, ഏഷ്യാനെറ്റ് ന്യൂസ്, മെട്രോമാറ്റിനി തുടങ്ങിയവ) എന്റെ പ്രതിഫലം സംബന്ധിച്ച് ചില വാര്‍ത്തകള്‍ ഇറക്കുകയും ഞാന്‍ എന്തുകൊണ്ട് പ്രതിഫലം ഉയര്‍ത്തി എന്നതിനെക്കുറിച്ച് ചര്‍ച്ച് നടത്തുകയും ചെയ്തു. എത്രമാത്രം വസ്തുതാവിരുദ്ധമാണ് ഇവയൊക്കെ. ഇതാണോ ഒരു മാധ്യമപ്രവര്‍ത്തകന്റെ ജോലി. മറ്റ് വാര്‍ത്തകള്‍ ഒന്നും ലഭിക്കാത്തതുകൊണ്ടാണോ നിങ്ങള്‍ ഇങ്ങനെയൊക്കെ കാര്യങ്ങള്‍ വളച്ചൊടിക്കുന്നത്. ഞാന്‍ എത്രയാണ് പ്രതിഫലമായി വാങ്ങുന്നത് എന്നത് എന്നെയും നിര്‍മ്മാതാവിനെയും മാത്രം ബാധിക്കുന്ന കാര്യമാണ്. വേറെയാര്‍ക്കാണ് ഇതില്‍ പ്രശ്നം? ദയവുചെയ്ത് ഇത്തരം വാര്‍ത്തകള്‍ നീക്കം ചെയ്ത് നിങ്ങളുടെ നിലവാരം ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തു. നിങ്ങളിലൊക്കെ എനിക്ക് വിശ്വസമുണ്ട്. ആളുകള്‍ക്ക് നിങ്ങളില്‍ നിന്ന് വേണം വാര്‍ത്തകള്‍ അറിയാന്‍. അല്പം കൂടി ബഹുമാനം നിങ്ങളുടെ ഇരകള്‍ എന്ന നിലയില്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. തികഞ്ഞ നിരാശയോടെ പാര്‍വതി.